ഫോണുകള്‍ ഓഫ്, വീടുകള്‍ പൂട്ടിയ നിലയിലും ! താനെയില്‍ എത്തിയ 109 വിദേശികളെ കാണാനില്ല;ഒമിക്രോണ്‍ വ്യാപിക്കുമോയെന്ന് ആശങ്ക…

രാജ്യത്ത് ഒമിക്രോണ്‍ ഭീതി വ്യാപിക്കുന്നതിനിടെ അടുത്തിടെ രാജ്യത്തെത്തിയ നൂറിലധികം വിദേശികള്‍ അപ്രത്യക്ഷരായി.

മഹാരാഷ്ട്രയിലെത്തിയ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണെന്ന് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മേധാവി വിജയ് സൂര്യവന്‍ഷി അറിയിച്ചു.

ഇവര്‍ അവസാനം നല്‍കിയ വിലാസങ്ങളില്‍ ചെന്നന്വേഷിച്ചപ്പോള്‍ പല വീടുകളും പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ നിന്ന് 295 പേരായിരുന്നു എത്തിയിരുന്നത്. ഇതിലെ 109 പേരാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഒളിവില്‍ താമസിക്കുന്നത്.

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എട്ടാം ദിവസം കോവിഡ് ടെസ്റ്റ് നടത്തും. പരിശോധന ഫലം നെഗറ്റീവാണെങ്കിലും ഏഴുദിവസം കൂടി ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അതത് ഹൗസിങ് സൊസൈറ്റി അംഗങ്ങളാണ് ഉറപ്പുവരുത്തേണ്ടത്. വിവാഹം പോലെ ആളുകള്‍ കൂടുന്ന ചടങ്ങുകളിലും നിയന്ത്രണമേര്‍പ്പെടുത്തും.

മഹാരാഷ്ട്രയില്‍ 10 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 25ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ 37 കാരനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മുംബൈയിലെത്തിയ രണ്ടുപേര്‍ക്കു കൂടി രോഗം കണ്ടെത്തിയത്. ഇതോട് കൂടി വിമാനത്താവളങ്ങളിലെത്തുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്.

Related posts

Leave a Comment