ഷാജന്‍പൂര്‍: രാത്രിയില്‍ കാമുകിയെ കാണാന്‍ പാതിരാത്രിയില്‍ വീട്ടിലെത്തിയ പതിനാറുകാരന് ദാരുണാന്ത്യം. പെണ്‍കുട്ടിയുടെ പിതാവ് കാമുകനെ അരിവാള്‍ കൊണ്ട് വെട്ടിനുറുക്കുകയായിരുന്നു. ബുധനാഴ്ച ലഖിംപൂര്‍ഖേരി ജില്ലയിലെ നീംഗോണിലെ വീട്ടിലായിരുന്നു കാമുകന്‍ ധീരതകാട്ടാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങിയത്. ആക്രമിച്ചശേഷം 16കാരനെ അയാളുടെ വീടിന് മുന്നില്‍ കൊണ്ടിടുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ കിടന്നു മരിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റും ചെയ്തിട്ടുണ്ട്. അതേസമയം മകളെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് താന്‍ പയ്യനെ ആക്രമിച്ചതെന്നാണ് പിതാവ് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം ഒരേ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന കൂലിപ്പണിക്കാരനായ കൗമാരക്കാരനും പെണ്‍കുട്ടിയും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നെന്നും ബുധനാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാനായി അവരുടെ വീട്ടിലേക്ക് പയ്യന്‍ കയറുന്നത് കുടുംബാംഗങ്ങളില്‍ ചിലര്‍ കാണുകയും മറ്റുള്ളവരെ അറിയിക്കുകയും ആയിരുന്നു. തുടര്‍ന്നായിരുന്നു പിതാവ് അരിവാള്‍ കൊണ്ടു പയ്യനെ ആക്രമിച്ചത്.
അതിന് ശേഷം രക്തം വാര്‍ന്ന നിലയില്‍ വലിച്ചിഴച്ച് തൊട്ടടുത്ത് തന്നെയുള്ള അയാളുടെ വീടിന് ഏതാനും മീറ്റര്‍ അകലെ കൊണ്ടിടുകയും ചെയ്തു. തുടര്‍ന്ന് കുടുംബം കൗമാരക്കാരനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലൂം ലക്നൗവിലെ ഹയര്‍ സെന്ററിലേക്ക് ശുപാര്‍ശ ചെയ്യുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ വ്യാഴാഴ്ചയോടെ കൗമാരക്കാരന്‍ മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഗ്രാമത്തില്‍ സമാധാനം പാലിക്കാന്‍ രണ്ടു കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ചിട്ടുണ്ട്. പയ്യനും പെണ്‍കുട്ടിയും പ്രണയത്തില്‍ ആയിരുന്നെന്നും പെണ്‍കുട്ടിയിടെ മുറിയില്‍ ഇയാളെ കണ്ടെത്തിയതിന്റെ ദേഷ്യത്തിലുള്ള ആക്രമണത്തെത്തുടര്‍ന്നായിരുന്നു മരണമെന്നാണ് പോലീസ് പറയന്നത്.