ചോരയില്‍ ചാലിച്ച പ്രണയം പണിയായി ! പത്താംക്ലാസുകാരിയെ ഗാഢമായി പ്രണയിച്ച ഇറച്ചിക്കടയിലെ ജോലിക്കാരന്‍ പയ്യന്റെ പ്രവൃത്തി ആകെ ഗുലുമാലായി; 18കാരന്‍ അകത്തായതിങ്ങനെ…

കാമുകിയോടുള്ള അടങ്ങാത്ത പ്രണയം അവളെ അറിയിക്കാന്‍ ക്ഷേത്ര മതിലില്‍ ചോര കൊണ്ട് പ്രണയം എഴുതിയ 18കാരന്‍ ഒടുവില്‍ പിടിയിലായി. ക്ഷേത്രമതിലിലെ ചോരക്കറ നാട്ടുകാര്‍ കണ്ടതോടെയാണ് കാര്യങ്ങള്‍ പിടിവിട്ടുപോയത്. തൃശൂര്‍ വടക്കേക്കാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്തു ദിവസം മുന്‍പായിരുന്നു സംഭവം.

ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ ആരോ ചോര കൊണ്ട് ചുവരെഴുതിയതാണെന്നായിരുന്നു ഏവരും കരുതിയത്.അങ്ങനെ വടക്കേക്കാട് എസ്ഐ അന്വേഷണം തുടങ്ങി. നാട്ടില്‍ കലാപം ഉണ്ടാവുമോയെന്നുവരെ പോലീസ് ഭയന്നു. കേസ് കുന്നംകുളം എസ്പി ടിഎസ് സിനോജ് അന്വേഷണം ഏറ്റെടുത്തു. മതില്‍ എഴുതിയത് എന്താണെന്നു കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം.മതിലില്‍ പാറക്കഷണം കൊണ്ട് പേരുകള്‍ കോറിവരച്ചു. ഇതിനു മീതെ, ചോര കൊണ്ടെഴുതിയ പേരുകള്‍ കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്. ഇതോടെ കള്ളനെ കണ്ടെത്തി. പ്രണയത്തിലെ തീവ്രതയും നാട്ടുകാരറിഞ്ഞു.

ക്ഷേത്ര മതിലില്‍ കണ്ട ചോര പൊലീസ് പരിശോധിക്കാന്‍ കൊടുത്തതാണ് നിര്‍ണ്ണായകമായത്. മനുഷ്യന്റെ ചോരയല്ലെന്നു പൊലീസ് കണ്ടെത്തി. ഏതോ മൃഗത്തിന്റെ ചോരയാണെന്നായിരുന്നു കണ്ടെത്തല്‍. മതിലില്‍ എഴുതിയ വിളിപ്പേരുള്ള ആരെങ്കിലും ഇറച്ചിക്കടയില്‍ ജോലി ചെയ്യുന്നുണ്ടോയെന്നു പൊലീസ് പരിശോധിച്ചു. ഇറച്ചിക്കടയില്‍ സഹായിയായി പുതുതായി വന്ന പയ്യനെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു. ഇറച്ചിക്കടയിലെ കോഴിയെ അറുത്തപ്പോഴുള്ള ചോര തുണിയിലാക്കിയാണ് ക്ഷേത്ര മതിലില്‍ എഴുത്ത്. തുണിയും മതിലിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തു. ഇതോടെ പൊലീസിന് സമാധാനമായി. എല്ലാത്തിനും കാരണം പ്രണയമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

പ്രേമം തോന്നിയ പെണ്‍കുട്ടിയുടെ അലിവ് പിടിച്ചുപറ്റാന്‍ യുവാവ് നടത്തി നീക്കമായിരുന്നു ആശങ്കയാക്കിയത്. എന്തായാലും രണ്ടു വകുപ്പുകള്‍ ചുമത്തി യുവാവിനെ പോലീസ് അകത്താക്കി. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. സ്വകാര്യ മതില്‍ കേടുവരുത്താന്‍ ശ്രമിച്ചു. ജാമ്യമില്ലാ വകുപ്പാണ് ആദ്യത്തേത്. അങ്ങനെ പതിനെട്ടുകാരന്‍ അഴിക്കുള്ളിലുമായി. മതിലിലെ പേരുകള്‍ കണ്ടെത്തിയതാണ് ഇതിലേക്ക് കാര്യങ്ങളെത്തിയത്. പെണ്‍കുട്ടി പത്താംക്ലാസുകാരിയെങ്കില്‍ ആണ്‍കുട്ടിയ്ക്കു വയസ്സ് പതിനെട്ടു മാത്രം. പത്താംക്ലാസുകാരിയോട് കടുത്ത പ്രേമം തോന്നിയ പതിനെട്ടുകാരന്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്മാര്‍ പതിനെട്ടുകാരനെ താക്കീത് ചെയ്തിരുന്നു. സഹോദരിക്ക് പിന്നാലെ നടക്കരുതെന്ന ഭീഷണിയായിരുന്നു ഇത്.

ഇതോടെ ഇറച്ചിക്കടയിലെ സഹായിക്ക് ഇഷ്ടം ഇരട്ടിയായി. എങ്ങനേയും പെണ്‍കുട്ടിയെ വീഴ്ത്താന്‍ തീരുമാനിച്ചു. പ്രണയം നാട്ടില്‍ അറിഞ്ഞാലും കുഴപ്പമില്ലെന്നും കരുതി. ഇതോടെ പല വഴികളിലേക്ക് ചിന്ത പോയി. പെണ്‍കുട്ടിയുടേയും തന്റേയും പേരുകള്‍ ചോര കൊണ്ടെഴുതാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി നടന്നുപോകുന്ന വഴിയില്‍ മതിലില്‍തന്നെ എഴുതാന്‍ തീരുമാനിച്ചു. ഒരു പാറക്കല്ലിന്റെ കഷണമെടുത്ത് മതിലില്‍ പേരുകള്‍ എഴുതി. ഇതിനു പിന്നാലെ, ചോര കൊണ്ട് പേരുകള്‍ കടുപ്പിച്ചു. പ്രണയത്താല്‍ അന്ധനാകയാല്‍ ഇത് ക്ഷേത്രത്തിന്റെ മതിലാണോയെന്നൊന്നും ഇയാള്‍ ശ്രദ്ധിച്ചില്ല. എങ്ങനെയും പ്രണയത്തിന്റെ തീവ്രത പെണ്‍കുട്ടിയെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. ഈ സാഹസമാണ് നാടിനെ കലാപത്തിന്റെ വക്കിലെത്തിച്ചത്.

Related posts