തൃശൂര്‍: ഒരിഞ്ചുകൃഷിഭൂമിപോലും കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്നും കൈയേറ്റം നടന്നിട്ടുള്ളവ പിടിച്ചെടുത്ത്, കുടുംബശ്രീപോലുള്ള ഏജന്‍സികളുടെ സഹായത്തോടെ കൃഷിയിറക്കുമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. യുദ്ധകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തരിശുഭൂമി കണ്ടെത്തി കൃഷിഭൂമിയാക്കി മാറ്റി ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കും. നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കൃഷിയെയും ഇക്കോ സംവിധാനത്തെയും സംരക്ഷിച്ചു കേരളത്തിനാവശ്യമായ നെല്ല് ഇവിടെ തന്നെ ഉത്പാദിപ്പിക്കും. സ്കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷി പഠനവിഷയമായി ഉള്‍ പ്പെടുത്തുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ കാര്‍ഷികമേഖല ഗുരുതരാവസ്ഥയിലാണ്. പത്തുവര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം വളര്‍ച്ചാനിരക്ക് താഴോട്ടാണ്. നടപടികളില്ലെങ്കില്‍ സമ്പദ്ഘടനയെ മാത്രമല്ല, ഭക്ഷ്യസുരക്ഷയെയും ഇക്കൊ സിസ്റ്റത്തെയും ഇതു തകിടംമറിക്കും. സംസ്ഥാനത്തെ നെല്ലുത്പാദനം ആറുലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. 45 ലക്ഷം മെട്രിക് ടണ്‍ നെല്ലാണു സംസ്ഥാനത്തിന്റെ ആവശ്യം. ഒരിഞ്ച് നെല്‍വയല്‍ പോലും നികത്താന്‍ ഇനി അനുവദിക്കില്ല. ഐഎസ്ആര്‍ഒയുടെ സഹായത്തോടെ സാറ്റ്‌ലൈറ്റ് സംവിധാനം ഉപയോഗിച്ചു കൃഷിഭൂമിയുടെ ഡാറ്റ ബാങ്ക് ആറു മാസത്തിനുള്ളില്‍ തയാറാക്കും.
2600 ഹെക്്ടര്‍ സ്ഥലത്ത് കരകൃഷി വ്യാപിപ്പിക്കും. അടുത്തവര്‍ഷം മുതല്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും കാര്‍ഷിക സര്‍വകലാശാ ലയേയും പങ്കാളികളാക്കി പതിനായിരക്കണക്കിനു ഹെക്ടറുകളില്‍ കരകൃഷി വ്യാപിപ്പിക്കും. നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരി ലേക്കത്തെുന്നുണ്ടോ എന്നറിയാന്‍ മോണിറ്ററിംഗ് സംവിധാനം കൊണ്ടുവരും. കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ ഫലങ്ങള്‍ ജനങ്ങളിലേക്കെത്തി ക്കാനുള്ള ശ്രമമുണ്ടാകും. കൃഷി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും മണ്ണിലിറങ്ങി പ്രവര്‍ത്തിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ സുതാര്യമാക്കും.
കാര്‍ഷിക സര്‍വകലാശാലയും കൃഷിവകുപ്പും തമ്മിലുള്ള ബന്ധമില്ലായ്മയാണ് കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നിലെന്നും അത് അവ സാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജൈവകൃഷിയുടെ പേരില്‍ പലതരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അതൊഴിവാക്കാന്‍ ജൈവ സര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവരും. കീടനിയന്ത്രണസേന രൂപവത്കരിച്ചു കീടങ്ങള്‍ കൃഷി ആക്രമിച്ചു തുടങ്ങുമ്പോള്‍ തന്നെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള സംവിധാനം ഒരുക്കും. കാലാകാലങ്ങളായി കൃഷിവകുപ്പു പ്രാദേശിക യൂണിറ്റുകള്‍ക്കും സംഘങ്ങള്‍ക്കും മറ്റും നല്‍കിയ കൊയ്ത്തുയന്ത്രങ്ങള്‍ പോലുള്ള സാധനസാമഗ്രികളുടെ കണക്കെടുപ്പു നടത്തി രജിസ്റ്ററില്‍ സൂക്ഷിക്കാനുള്ള നടപടികള്‍ കൈകൊള്ളും. അരിമ്പൂരില്‍ ഇത്തരം വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ ആരംഭിക്കും.
ജൈവകൃഷിയുടെ വ്യാപനത്തിനായി തൃശൂരും തിരുവന്തപുരത്തും കൃഷിക്കാവിശ്യമായ വിത്തുകളുള്‍പ്പെടെയുള്ള വസ്തുക്കള്‍ ലഭിക്കുന്ന വില്‍പനശാലകള്‍ ആരംഭിക്കും. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കാന്‍ ജനങ്ങളുടെ കൂടെ സഹകരണം വേണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. തൃശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷനായി. സെക്രട്ടറി കെ.സി. അനില്‍കുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനോയ് ജോര്‍ജ് നന്ദിയും പറഞ്ഞു.
