കുഴിച്ചു കുഴിച്ചു വന്നപ്പോള്‍ കിട്ടിയത് നല്ലൊന്നാന്തരം കറിച്ചട്ടി, പുറംഭാഗത്ത് കരിഞ്ഞുണങ്ങിയ നിലയില്‍ 3000 വര്‍ഷം പഴക്കമുള്ള പാല്‍ക്കട്ടി, ഒരു കറിച്ചട്ടിക്കഥ വയിക്കാം

BBwq8E7നിങ്ങള്‍ അടുക്കളയില്‍ ഒരു ദുരന്തമാണോ ?. എങ്കില്‍ തലവഴി മുണ്ടിട്ടോളൂ. കാരണം ഇക്കാര്യത്തില്‍ നിങ്ങളേക്കാള്‍ വളരെയധികം മിടുക്കുള്ളവര്‍ 3000 വര്‍ഷം മുമ്പും ഉണ്ടായിരുന്നുവെന്നതിന് തെളിവു ലഭിച്ചിരിക്കുന്നു. ഡെന്‍ന്മാര്‍ക്കില്‍ നിന്നും ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ കറിച്ചട്ടിയാണ് ഈ വിധമുള്ള ചിന്തകള്‍ക്കാധാരം. ഈ കറിച്ചട്ടിയുടെ അടിഭാഗത്ത് കരിഞ്ഞ നിലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പാല്‍ക്കട്ടി പരിശോധിച്ച ശാസ്ത്രജ്ഞരുടെ കണ്ണുതള്ളിപ്പോയി. ഇത് 3000 വര്‍ഷം മുമ്പ് പാചകം ചെയ്തതാണത്രേ. വെങ്കലയുഗകാലഘട്ടത്തിന്റെ അവശേഷിപ്പാണിതെന്ന നിഗമനത്തിലാണ് ഇവര്‍ എത്തിയിരിക്കുന്നത്. പ്രാചീനകാലത്ത് ഏതോ അടുക്കളയില്‍ ഉണ്ടായ അപകടത്തിന്റെ ബാക്കിപത്രമാണ് ഇതെന്നും അവര്‍ കരുതുന്നു.

ഡെന്‍മാര്‍ക്കിലെ ജൂട്ട്‌ലാന്‍ഡ് എന്ന സ്ഥലത്തു നിന്നുമാണ് ഈ ചട്ടി കിട്ടിയിരിക്കുന്നത്. ചട്ടി കുഴിച്ചെടുത്തപ്പോള്‍ അതിന്റെ ചുവട്ടില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന എന്തോ പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് സംശയം തോന്നിയപ്പോള്‍ അത് ഡെന്‍ന്മാര്‍ക്ക് ദേശീയ മ്യൂസിയത്തിലേക്ക് അയയ്ക്കുകയായിരുന്നു. ആദ്യ പരിശോധനയില്‍ തന്നെ ഇത് സസ്യാവശിഷ്ടമോ മാംസമോ അല്ലെന്നു ഗവേഷകര്‍ക്ക് മനസിലായിരുന്നു. ഒടുവില്‍ പശുവിന്റെ നെയ്യുപോലെ എന്തോ ആണെന്ന് അവര്‍ക്ക് മനസിലായി. കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് ശേഷം ഇത് പാല്‍ക്കട്ടിതന്നെ എന്ന നിരീക്ഷണത്തിലെത്തുകയായിരുന്നു.

തൈരില്‍ നിന്നും കടഞ്ഞെടുത്ത വെണ്ണ സംസ്ക്കരിച്ച് തണുപ്പുകാലത്തേക്ക് ഉപയോഗിക്കുന്ന രീതി അന്നു നിലനിന്നിരുന്നുവെന്നാണ് പൂരാവസ്തു ഗവേഷകനായ കാജ്. എഫ്. റാസ്മുസെന്‍ അഭിപ്രായപ്പെടുന്നത്. ഈ ചട്ടിയുടെ പിറകില്‍ ഒരു കഥയുണ്ടാവാമെന്നും റാസ്മുസെന്‍ പറയുന്നു. പാചകക്കാരന്‍ എന്തോ പ്രത്യേക കാരണം കൊണ്ട് ഉപേക്ഷിച്ചതാവണം ഇതെന്നും അതുമല്ലെങ്കില്‍ ആരുടെയോ കറുത്ത കരങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് റാസ്മുസെന്റെ നിരീക്ഷണം. എന്തായാലും ചട്ടി ലേലത്തില്‍വച്ചാല്‍ വന്‍തുകയ്ക്ക് വിറ്റു പോകുമെന്ന് ഉറപ്പ്…

Related posts