അടി മക്കളെ സല്യൂട്ട് ! ഗ്രാമത്തില്‍ തടാകം നിര്‍മ്മിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രൊഫസര്‍ ലോണെടുത്തത് 25 ലക്ഷം രൂപ; ഊഷരമായ ഭൂമി സമൃദ്ധമാക്കിയ ആ പ്രയത്‌നത്തിന്റെ കഥയിങ്ങനെ…

ഒരു സമൂഹത്തിന്റെ തന്നെ ജീവിതം മാറ്റി മറിയ്ക്കാന്‍ കെല്‍പ്പുള്ള അപൂര്‍വം ചിലര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അത്തരത്തിലൊരാളാണ് അമ്പതുകാരനായ പ്രൊഫസര്‍ സന്നപ്പ കമാതെ.

കര്‍ണാടകയിലെ ബെല്‍ഗവിയില്‍ ഹത്തരവാട്ട്, മങ്കനൂര്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജലക്ഷാമമില്ല കാരണം ഈ മനുഷ്യനാണ്. നേരത്തെ ഗ്രാമത്തിലുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ തന്നെ ഭയമായിരുന്നു. മഴക്കാലത്ത് ഒറ്റ വിളകളൊക്കെ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും വിളകള്‍ കൃഷി ചെയ്യുന്നു.

നേരത്തെ ജീവിക്കാനുള്ള വക ആ വരണ്ട മണ്ണ് തരുന്നില്ലെന്ന് മനസിലായപ്പോള്‍ പലരും കൃഷിയും നാടുമെല്ലാം വിട്ട് മറ്റ് ജോലികള്‍ക്ക് പോയിത്തുടങ്ങി. പലരും തൊഴിലുകള്‍ക്കായി നഗരങ്ങളിലേക്ക് ചേക്കേറി. ആറു വര്‍ഷം മുമ്പ് പ്രൊഫ.സന്നപ്പ ഇവിടെ കൃത്രിമ തടാകം നിര്‍മിക്കുന്നതു വരെ ഇങ്ങനെയായിരുന്നു കാര്യങ്ങള്‍.

ബെല്‍ഗവി ടൗണില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ചികോടി ഏകദേശം മഹാരാഷ്ട്രയോട് അടുത്തുകിടക്കുന്ന സ്ഥലമാണ്. ഇവിടെയാണ് ആ ഗ്രാമങ്ങള്‍. പ്രധാനമായും ചികോടിയിലെ ആളുകള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരായിരുന്നു.

മഴയുള്ളപ്പോള്‍ മാത്രം വല്ലതും നടുന്നതായിരുന്നു ഇവിടുത്തെ ആളുകളുടെ രീതി. പരമ്പരാഗതമായി കിട്ടിയ ഭൂമി ഏക്കറിന് വെറും 10,000 രൂപയ്ക്ക് ക്വാറിയുടമകള്‍ക്ക് നല്‍കി പലരും നാടുവിട്ടു.

”ആളുകള്‍ അവരുടെ കന്നുകാലികളുമായി വെള്ളം തേടി പത്തോ അതിലധികമോ കിലോമീറ്റര്‍ അലയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.” പ്രൊഫ. സന്നപ്പ പറയുന്നു. നേരത്തെ ഒരു തെര്‍മല്‍ എഞ്ചിനീയറായിരുന്ന അദ്ദേഹം ഇപ്പോള്‍ ബെല്‍ഗാവിയിലെ ഒരു ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രിന്‍സിപ്പലാണ്.

2014 -ലെ ദീവാലി നേരത്ത് ഹത്തരവാട്ടിലെ തന്റെ ഗ്രാമത്തിലെത്തിയ അദ്ദേഹത്തോട് പ്രദേശത്തെ പലരും വല്ല ജോലിയും ഉണ്ടോ എന്ന് അന്വേഷിച്ചു തുടങ്ങി. അതിനും കുറച്ച് നാളുകള്‍ക്കുശേഷമാണ് നാട്ടില്‍ ചിലര്‍ വെള്ളം കിട്ടുമോ എന്നറിയാനായി കിണര്‍ കുഴിക്കാനുള്ള ശ്രമം തുടങ്ങിയത്. അതിനിടയില്‍ തന്റെ സ്ഥലത്ത് വെള്ളം കിട്ടുമെന്ന് സന്നപ്പ നാട്ടുകാരെ അറിയിച്ചു.

തന്റെ ചെറുപ്പകാലം ഓര്‍മയില്‍ വന്ന സന്നപ്പ പ്രാദേശികരായ ഗ്രാമവാസികളോട് തന്റെ സ്ഥലത്ത് ഒരു കിണര്‍ കുഴിക്കാമോയെന്ന് ചോദിച്ചു. അതിനായി 2.5 ലക്ഷം രൂപയും മാറ്റിവെച്ചു. കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും വെള്ളം കുടിക്കുന്നതിനായിട്ടാണ് തുറന്ന കിണര്‍ തന്നെ കുഴിക്കാന്‍ പറഞ്ഞത്.

ഇനിയഥവാ വെള്ളം കിട്ടിയില്ലെങ്കിലും ആ പാവപ്പെട്ട തൊഴിലാളികള്‍ക്ക് കുറച്ച് ദിവസം കഴിയാനുള്ളത് കൂലിയായി നല്‍കാമല്ലോ എന്നും അദ്ദേഹം കരുതി.

എന്നാല്‍ അദ്ഭുതമെന്നു തന്നെ പറയട്ടെ, അന്നു വൈകുന്നേരം സന്നപ്പയെ തേടി ഒരു കോള്‍ വന്നു. വെള്ളം കണ്ടു എന്നായിരുന്നു അത്. എത്രയടി കുഴിച്ചിട്ടും വെള്ളം കിട്ടാത്തിടത്ത് വെറും രണ്ടു മണിക്കൂര്‍ കൊണ്ട് വെള്ളം കിട്ടിയാല്‍ തീര്‍ച്ചയായും അദ്ഭുതമെന്നല്ലാതെ എന്തു പറയാന്‍…കൂടുതല്‍ കുഴിച്ചതോടെ വെള്ളവും കൂടിവന്നു.

അങ്ങനെ നാലു മാസത്തെ കഠിനാധ്വാനം കൊണ്ട് അതൊരു കൊച്ചു തടാകമായി മാറി. കിണറില്‍ നിന്ന് തടാകത്തിലേക്ക് പദ്ധതി മാറിയതോടെ സന്നപ്പയ്ക്ക് ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപ ലോണ്‍ എടുക്കേണ്ടി വന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് അദ്ദേഹം ലോണെടുത്തത്.

തടാകത്തിനു ചുറ്റും അദ്ദേഹം വിവിധ മരങ്ങളും വച്ചുപിടിപ്പിച്ചു. മാവ്, പേര, ഞാവല്‍ എന്നിവയെല്ലാം ഇവിടെ വളരുന്നു. അടുത്തിടെയായി അദ്ദേഹം പരീക്ഷണമെന്നോണം മുരിങ്ങയും നട്ടുവളര്‍ത്തി. ഏക്കറിന് 4.5 ലക്ഷം നേടി. പല കര്‍ഷകരും അദ്ദേഹത്തിന്റെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ കര്‍ഷകനിലേക്കുള്ള വിജയയാത്രയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്യുന്നു.

തടാകം നിര്‍മിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മാറ്റങ്ങള്‍ കണ്ടു. അടുത്തുള്ള കിണറുകളില്‍ വരെ വെള്ളമെത്തി. മേയ് മാസം വരെ ഇപ്പോളവിടെ വെള്ളം കിട്ടുന്നു. ഗ്രാമത്തിലുള്ളവര്‍ പലതരം വിളകളും കൃഷി ചെയ്യുന്നു. 100 കര്‍ഷക കുടുംബങ്ങളെങ്കിലും ഇപ്പോള്‍ ആ തടാകത്തെ ആശ്രയിക്കുന്നുണ്ട്.

തടാകവും പച്ചപ്പുമെല്ലാം വന്നതോടെ മയിലുകളും കുരങ്ങുകളുമടക്കം ജീവജാലങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. ”എന്റെ ഗ്രാമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനായതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ സമ്പാദ്യമെല്ലാം ചിലപ്പോള്‍ ഇല്ലാതായിട്ടുണ്ടാവാം. പക്ഷേ, എന്റെ വിളകളെല്ലാം കിട്ടിക്കഴിയുമ്പോള്‍ എന്റെ കടം ഇല്ലാതെയാവും.” സംതൃപ്തിയോടെ സന്നപ്പ പറയുന്നു. സന്നപ്പയെപ്പോലെയുള്ള മനുഷ്യരാണ് ഈ സമൂഹത്തിന് ആവശ്യമെന്ന് സോഷ്യല്‍ മീഡിയയും ഇപ്പോള്‍ ഒന്നടങ്കം പറയുകയാണ്.

Related posts

Leave a Comment