500-ാം ടെസ്റ്റ്: മുന്‍ ക്യാപ്റ്റന്മാരെ ആദരിച്ചു

SP-CAPTIONSകാണ്‍പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഞ്ഞൂറാം ടെസ്റ്റിനോടനുബന്ധിച്ച് നടത്തിയ ആഘോഷവേളയില്‍ മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരെ ബിസിസിഐ ആദരിച്ചു. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് ശുക്ലയാണ് മുന്‍ ടെസ്റ്റ് ക്യാപ്റ്റന്‍മാരായ അജിത് വഡേക്കര്‍, കപില്‍ ദേവ്, സുനില്‍ ഗാവസ്കര്‍, ദിലീപ് വെംഗ്‌സാര്‍ക്കര്‍, കൃഷ്ണമാചാരി ശ്രീകാന്ത്, രവി ശാസ്ത്രി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, അനില്‍കുംബ്ലെ, മഹേന്ദ്ര സിംഗ് ധോണി എന്നിവരെ ആദരിച്ചത്. നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ആദരവ് ഏറ്റുവാങ്ങി. ചരിത്ര ടെസ്റ്റിന് കാണ്‍പൂരില്‍ തുടക്കം കുറിക്കുന്നതിന് മുമ്പായിരുന്നു ക്യാപ്റ്റന്‍മാരെ ആദരിച്ചത്.

നേരത്തെ, മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടിരുന്നു. കോഴവാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ബിസിസിഐ ആജീവനാന്തം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് കോടതിയില്‍ കേസെത്തിയെങ്കിലും പ്രോസിക്യൂഷന് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനെത്തുടര്‍ന്ന് കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കിയിരുന്നു. എന്നാല്‍, ബിസിസിഐ വിലക്ക് പിന്‍വലിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ക്ഷണിക്കുന്നതിനെതിരേ ഒരു വിഭാഗം രംഗത്തെത്തിയത്. വിവാദങ്ങള്‍ക്ക് വഴിതെളിച്ചേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ബിസിസിഐ ഔദ്യോഗികമായി അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ഇന്ത്യയുടെ വനിതാ ക്യാപ്റ്റന്മാരെയും ചടങ്ങില്‍ ആദരിച്ചു.

Related posts