സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്ന പൂവാലന്മാര്‍ വിസില്‍ മുഴങ്ങിയാല്‍ അകത്താകും

pkd-poovalanഒറ്റപ്പാലം: പൂവാലന്‍മാര്‍ ജാഗ്രതൈ. വിസില്‍ മുഴങ്ങിയാല്‍ അകത്താകും. സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുന്ന സാമൂഹ്യവിരുദ്ധന്മാരില്‍നിന്നും രക്ഷനേടുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പോലീസ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് വിസില്‍ സുരക്ഷ. പൂവാലന്മാര്‍ക്കും സ്ത്രീകളെ ശല്യംചെയ്യുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്കുന്ന ലളിതമായ പദ്ധതിയാണ് പോലീസ് നടപ്പാക്കുന്നത്.

ശല്യത്തിന് ഇരയാകുന്നവര്‍ വിസില്‍ ഊതിയാല്‍ മതി ശല്യക്കാരന്‍ ഉടനേ പിടിയിലാകും. പോലീസ് സ്ഥലത്തില്ലെങ്കിലും മറ്റു യാത്രക്കാരോ സമീപത്തുള്ളവരോ സഹായത്തിനെത്തുമെന്നതാണ് പോലീസിന്റെ വിലയിരുത്തല്‍.ഇതിനായി ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തയാറാക്കിയ പദ്ധതിയാണ് ഓപ്പറേഷന്‍ വിസില്‍. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് വിസില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യമായി പോലീസ് വിസിലുകള്‍ സമ്മാനിക്കുന്നു. വനിതാ പോലീസിന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ മുഴുവന്‍ സ്റ്റേഷന്‍ പരിധികളിലും പദ്ധതി നടപ്പാക്കും.

Related posts