കൊച്ചി: ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി അംഗീകരിക്കാത്തവരെ ഇന്ത്യൻ പൗരൻമാരായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റീസ് ബി. കെമാൽ പാഷ. “മാനുഷരൊന്ന്’ കൾച്ചറൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗണ്‍ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി അംഗീകരിക്കാത്തവർ ഭരണഘടനയെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ സ്വകാര്യ അഹങ്കാരവും മതേതരത്വത്തിന്റെ മുഖവുമായിരുന്ന ശബരിമല ഇന്ന് കലുഷിതമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാകുന്നില്ല.
മതം എന്നത് ആചാരങ്ങളല്ല. ധാർമിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് മതങ്ങൾ നിലനിൽക്കുന്നത്. എന്നാൽ ചില പ്രത്യേക രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലെത്തുന്നതിനുള്ള ഏണിപ്പടിയായി മതങ്ങളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.