ന്യൂഡല്‍ഹി: രാജ്യത്ത് ശമ്പളവ്യവസ്ഥയില്‍ സ്ത്രീവിവേചനം ഇപ്പോഴും. മൊത്തം ശരാശരിയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു ലഭിക്കുന്നത് 27 ശതമാനം കുറവ് ശമ്പളം. ഓണ്‍ലൈന്‍ കരിയര്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മോണ്‍സ്റ്റര്‍ ഇന്ത്യ പുറത്തുവിട്ട സര്‍വേ ഫലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് പുരുഷന്മാര്‍ മണിക്കൂറില്‍ ശരാശരി 288.68 രൂപ നേടുമ്പോള്‍ സ്ത്രീകള്‍ക്കു ലഭിക്കുന്നത് 207.85 രൂപയാണ്.
ഐടി, ആരോഗ്യം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം, ഗവേഷണം, ധനകാര്യ സേവനങ്ങള്‍, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ഗതാഗതം, ചരക്കുനീക്കം, കമ്യൂണിക്കേഷന്‍, നിര്‍മാണം, നിയമം, മാര്‍ക്കറ്റ്, ബിസിനസ് തുടങ്ങിയ മേഖലകള്‍ സര്‍വേയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വേതനത്തില്‍ ഏറ്റവുമധികം സ്ത്രീ വിവേചനമുള്ളത് നിര്‍മാണമേഖലയിലാണ്-34.9 ശതമാനം. ബിഎഫ്എസ്‌ഐ (ബാങ്കിംഗ്, ഫിനാന്‍ഷല്‍ സര്‍വീസ്, ഇന്‍ഷ്വറന്‍സ്), ഗതാഗതം, ചരക്കുനീക്കം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളിലാണ് വേതനത്തില്‍ ഏറ്റവും കുറവ് അന്തരമുള്ളത്. ഈ മേഖലകളിലെല്ലാം 17.7 ശതമാനമാണ് വേതനത്തില്‍ സ്ത്രീ വിവേചനം. പുരുഷന്മാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ഉയര്‍ന്ന ശമ്പളവും ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പലപ്പോഴും ജോലിയില്‍ തുടരാന്‍ കഴിയാതെവരുന്നു. ശിശുപരിപാലവും മറ്റു സാമൂഹിക-സാമുദായിക വ്യവസ്ഥകളും മൂലം സ്ത്രീകള്‍ക്ക് പ്രഫഷനില്‍ ശോഭിക്കാനാവാതെ വരുന്നത് വേതന അന്തരത്തിന് ഒരു കാരണമാകുന്നുണ്ട്.
ഏതാണ്ട് മൂന്നു വര്‍ഷത്തോളം നീണ്ട സര്‍വേയ്ക്കു ശേഷമാണ് മോണ്‍സ്റ്റര്‍ ഇന്ത്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2013 ജനുവരി മുതല്‍ 2015 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്.