നെടുമ്പാശേരി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ (സിയാല്‍) 17-ാം വാര്‍ഷികം നാളെ. 1999 മേയ് 25ന് അന്നത്തെ രാഷ്ട്രപതി കെ.ആര്. നാരായണനാണ് സിയാലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയിലെ പ്രഥമ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവളമാണ് സിയാല്‍. ഈ മാതൃക പിന്നീട് അഖിലേന്ത്യാതലത്തില്‍ അംഗീകരിക്കപ്പെട്ടു. 300 കോടി രൂപ മുടക്കിയാണ് നെടുമ്പാശേരിയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്. 2003-2004 സാമ്പത്തികവര്‍ഷം മുതല്‍ തുടര്‍ച്ചയായി സിയാല്‍ ലാഭത്തിലാണ്. ഓഹരി ഉടമകള്‍ക്ക് ഇതിനകം മുടക്കുമുതലിന്റെ 156 ശതമാനം ഡിവിഡന്റായി നല്‍കിക്കഴിഞ്ഞു.
ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ സിയാല്‍ നാലാം സ്ഥാനത്താണ്. 2015-2016 സാമ്പത്തികവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. വരുമാനം 450 കോടിയോളമായി. ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന പദവി സിയാലിനു സ്വന്തമായി. കഴിഞ്ഞ ഫെബ്രുവരിയില്‍ 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി.
സിയാലിന്റെ ഹൈഡ്രല്‍ വൈദ്യുതിനിലയ പദ്ധതികളുടെ പണി ആരംഭിച്ചു. നേട്ടങ്ങളുടെ നെറുകയില്‍നിന്ന് ഏറെ അഭിമാനത്തോടെയാണ് 17-ാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് സിയാലിന്റെ ശില്പി കൂടിയായ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന് പറഞ്ഞു. ആഘോഷ പരിപാടികള്‍ സിയാല്‍ ട്രേഡ് ഫെയര്‍-എക്സിബിഷന് സെന്ററില്‍ നാളെ വൈകുന്നേരം അഞ്ചിനാരംഭിക്കും. വി.ജെ. കുര്യന് മുഖ്യസന്ദേശം നല്‍കും. തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കും.