തൃശൂര്‍: നിരോധനം ലംഘിച്ച് രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ ബീഫ് വിളമ്പിയ സംഭവത്തില്‍ ഉത്തരവ് ലംഘിച്ചവര്‍ ക്കെതിരെ നടപടിക്ക് സാധ്യതയില്ല. രണ്ടുവര്‍ഷം മുമ്പാണ് പോലീസ് അക്കാദമിയില്‍ ബീഫ് നിരോധിച്ചത്. ആന്ത്രാക്സ് ബാധ വ്യാപകമായ പശ്ചാത്തലത്തിലാണ് അന്ന് ബീഫ് നിരോധിച്ചത്. അതിനുശേഷം അക്കാദമിയില്‍ ബീഫ് ഉപയോഗിച്ചിരുന്നില്ല. അപ്രഖ്യാപിത നിരോധനമായിരുന്നു ബീഫിനുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം ഇടതുപക്ഷവിജയം ആഘോഷിക്കാനാണ് അക്കാദമിയിലെ ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ സംഘടനകളും ചേര്‍ന്ന് ബീഫ് വാങ്ങി ഉപയോഗിച്ചതത്രേ.
എന്നാല്‍ ബീഫ് നിരോധനം വാക്കാലുള്ളതു മാത്രമാണെന്നും അത് ലംഘിച്ചെന്നു പറഞ്ഞ് ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വളരെ രഹസ്യമായാണ് പോലീസ് അക്കാദമിയില്‍ ബീഫ് പാകംചെയ്തത്. വിളമ്പുന്നതിന് തൊട്ടുമുമ്പാണ് വിവരം പുറത്തറിഞ്ഞത്. സംഭവമറിഞ്ഞ് ഐജി എത്തുമ്പോഴേക്കും ബീഫ് എല്ലാവരും കഴിച്ചുകഴിഞ്ഞിരുന്നു. പോലീസ് ട്രെയിനികളടക്കം 150 ഉദ്യോഗസ്ഥര്‍ ബീഫ് കഴിച്ചിട്ടുണ്ട്. മെസിന്റെയും കാന്റീനുകളുടേയും ചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തിരമായി വിളിച്ചുവരുത്തി ഐജി സംഭവത്തെക്കുറിച്ച് ആരാഞ്ഞിരുന്നു.
ഇടത് അനുകൂലികളായ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനടക്കമുള്ളവരാണ് ബീഫ് വിളമ്പിയതെന്നും ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും സൂചനയുണ്ടെങ്കിലും ഇവര്‍ക്കെതിരെ യാതൊരു നടപടിക്കും സാധ്യതയില്ലെന്നാണ് പറയുന്നത്. പോലീസ് അക്കാദമിയില്‍ ബീഫ് ഔദ്യോഗികമായി നിരോധിച്ചിട്ടില്ലാത്തതിനാല്‍ ഇവര്‍ക്കെതിരെ ഔദ്യോഗിക നടപടിയെടുക്കാന്‍ കഴിയില്ല.
ഇനി അക്കാദമി മെസില്‍ ബീഫ് പാകംചെയ്യരുതെന്നും അത് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഐജി ഉത്തരവിട്ടതായി പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ചും ഔദ്യോഗികസ്ഥിരീകരണമില്ല. വാക്കാലുള്ള ഉത്തരവുകള്‍ മാത്രമാണുള്ളത്. കേരളത്തില്‍ ബീഫ് നിരോധനം ഇല്ലാത്തതുകൊണ്ടു തന്നെ ഇപ്പോള്‍ പോലീസ് അക്കാദമിയില്‍ ഉണ്ടായ സംഭവത്തില്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാവില്ല. അതേസമയം ബീഫ് വിളമ്പിയത് ചോദ്യം ചെയ്തതും അന്വേഷിക്കുന്നതും പുതിയ വിവാദത്തിനിടയാക്കിയിട്ടുണ്ട്.