ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനി (ഇപിഎഫ്ഒ)യില്നിന്ന് കാലാവധിക്കുമുമ്പ് 50,000 രൂപ വരെ പിന്‍വലിക്കുന്നതിനു ടിഡിഎസ് (സ്രോതസില്‍ നികുതി കിഴിക്കല്) വേണ്ട. ഇപ്പോള്‍ 30,000 രൂപ വരെയാണ് ഒഴിവുള്ളത്. ജൂണ്‍ ഒന്നിന് 50,000 രൂപ എന്ന ഒഴിവു പരിധി പ്രാബല്യത്തില്‍ വരും.
പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) സമര്പ്പിക്കുന്നവരില്നിന്നു പിന്‍വലിക്കുന്ന തുകയുടെ 10 ശതമാനമാണു ടിഡിഎസ് ഈടാക്കുക. എന്നാല്‍, 15 ജി, 15 എച്ച് ഫോമുകള്‍ സമര്‍പ്പിക്കുന്നവര്‍ ടിഡിഎസ് നല്‍കേണ്ട. പാനോ ഈ ഫോമുകളോ സമര്‍പ്പിക്കാത്തവര്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 34.608 ശതമാനം നിരക്കില്‍ ടിഡിഎസ് നല്‍കണം. പിഎഫില്‍നിന്നു കാലാവധിക്കു മുമ്പ് തുക പിന്‍വലിക്കുന്നതു നിരുത്സാഹപ്പെടുത്താനാണു ടിഡിഎസ് ഏര്‍പ്പെടുത്തിയത്. കാലാവധിയാകുമ്പോള്‍ പിന്‍വലിച്ചാല്‍ നികുതിയില്ല.