ആറ്റിങ്ങല്‍: കഞ്ചാവിന്റെ ലഹരിയില്‍ മാതാവിനെ നിരന്തരം ഉപദ്രവിച്ചുവന്നിരുന്ന യുവാവിനെ ആറ്റിങ്ങല്‍ പോലീസ് പിടികൂടി. മേലാറ്റിങ്ങല്‍ കാട്ടില്‍ പുത്തന്‍ വീട്ടില്‍ പക്രു എന്നു വിളിക്കുന്ന ബിനു (30) ആണ് അറസ്റ്റിലായത്. ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും മാതാവായ ഗോമതി അമ്മയെ പതിവായി മാരകമായി ഉപദ്രവിച്ചു വരികയായിരുന്നുവെന്നും ആറ്റിങ്ങല്‍ എസ്‌ഐ പ്രതാപന്‍ പറഞ്ഞു.
സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരിയായിരുന്ന ഗോമതി അമ്മ മകന്റെ ഉപദ്രവം കാരണം സമീപത്തെ വീട്ടിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. അവിടെയും എത്തി അമ്മയെ ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ ബന്ധുക്കളാണ് പരാതി നല്‍കിയത്. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ 45 ഗ്രാം കഞ്ചാവും ലഭിച്ചതായി പോലീസ് പറഞ്ഞു. സമീപത്തെ വീടുകളിലെ സ്ത്രീകളെയും കുട്ടികളെയും ശല്ല്യം ചെയ്തിരുന്നതായും പരാതിയുണ്ട്. കോടതിയില്‍ ഹാജരാക്കിയ ബിനുവിനെ റിമാന്‍ഡ് ചെയ്തു.