കൊല്ലം :എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരില്‍ ഇരുപത് വര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസ് ഉള്ളവര്‍ക്ക് രണ്ട് വര്‍ഷത്തെ അധിക വെയിറ്റേജ് നല്കുവാന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയോടുകൂടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാര്‍ ഉന്നയിക്കുന്ന ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഈ ഉത്തരവിലൂടെ പെന്‍ഷന്‍കാര്‍ക്ക് വലിയ നേട്ടം ഉണ്ടാകും.
കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് സമ്മേളനങ്ങളിലായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.കെ. പ്രേമചന്ദ്രന് എം.പി നല്കിയ സ്വകാര്യ പ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിരുന്നു.പ്രമേയ ചര്‍ച്ചാവേളയില്‍ പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നിരന്തരമായി ലോക്സഭയിലും പുറത്തും ഉയര്‍ന്നു വരുന്ന ആവശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
1995 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിലും 1971 ലെ ഫാമിലി പെന്ഷന് സ്കീമിലും ഉള്‍പ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭ്യമാകും. ഇതു സംബന്ധിച്ച ഉത്തരവ് സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്കിയിട്ടുള്ളതായും എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.