ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നിക്ക് മംഗല്യം. വെള്ളയാംകുടി ഉപ്പുമാക്കൽ തോമസിന്റെയും സാലമ്മയുടെയും മകൻ ജിതിൻ തോമസാണ് വരൻ.15നാണ് വിവാഹം.
ചുരുളി സെന്റ് തോമസ് ഫെറോന പള്ളിയിൽ നടന്ന മനഃസമ്മതത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം നിരവധിപേർ പങ്കെടുത്തു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് സാന്ദ്ര.
ചേലച്ചുവട് വടക്കേത്തലക്കൽ ജിന്നി ദേവസ്യയുടെയും റീനയുടെയും മൂത്ത മകളാണ്. വരൻ ജിതിൻ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.
ഇത്തവണ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത് സാന്ദ്രയാണ്.കട്ടപ്പന ഗവ. കോളജിൽ വൈസ് ചെയർപേഴ്സണായാണ് രാഷ്ട്രീയ പ്രവേശനം.
ഗവ. കോളജിലെ പ്രിയദർശിനി പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലയിലും പ്രവർത്തിച്ചു. ഇപ്പോൾ യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയുമാണ്. കട്ടപ്പന ഗവ. കോളജിലും തൊടുപുഴ ന്യൂമാൻ കോളജിലുമായാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.
