ലണ്ടൻ: ഡയറിക്കുറിപ്പുകളിലൂടെ നാസി ഭീകരതയെ ലോകത്തിനു വെളിപ്പെടുത്തിയ ആൻ ഫ്രാങ്കിന്റെ അർധസഹോദരിയും ഓഷ്വിറ്റ്സ് അതിജീവിതയുമായ ഇവ ഷ്ളോ സ് (96) അന്തരിച്ചു. ലണ്ടനിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. ബ്രിട്ടനിലെ ആൻ ഫ്രാങ്ക് ട്രസ്റ്റിന്റെ ഓണററി പ്രസിഡന്റായിരുന്നു.
അമ്മയ്ക്കൊപ്പം നാസി ക്യാമ്പിൽനിന്നു രക്ഷപ്പെട്ട ഇവ രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം യുകെയിലേക്കു കുടിയേറുകയായിരുന്നു.1929ൽ വിയന്നയിൽ ജനിച്ച ഇവ കുടുംബത്തോടൊപ്പം നാസി ജർമനി ഓസ്ട്രിയ പിടിച്ചതിനു പിന്നാലെ ആംസ്റ്റർഡാമിലേക്കു പലായനം ചെയ്തു. ഇവിടെവച്ചാണ് തന്റെ പ്രായമുള്ള മറ്റൊരു ജൂതപ്പെൺകുട്ടിയായ ആൻ ഫ്രാങ്കിനെ പരിചയപ്പെടുന്നത്.
നാസികൾ നെതർലൻഡ്സ് പിടിച്ചെടുത്തതോടെ ഇവയുടെ കുടുംബം രണ്ടു വർഷം ഒളിവിൽ കഴിഞ്ഞു. ഒടുവിൽ ഇവയുടെ കുടുംബത്തെയും നാസികൾ പിടികൂടി. ഇവരെ കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് ക്യാമ്പിലേക്ക് അയച്ചു. 1945ൽ സോവിയറ്റ് സൈന്യം ക്യാമ്പിൽനിന്ന് മോചിപ്പിക്കുമ്പോൾ ഇവയും അമ്മ ഫ്രിറ്റ്സിയും മാത്രമാണ് അതിജീവിച്ചത്. പിതാവ് എറിക്കും സഹോദരൻ ഹെയ്ൻസും ഓഷ്വിറ്റ്സിൽ മരിച്ചു.
പിന്നീട് ബ്രിട്ടനിലേക്കു കുടിയേറിയ ഇവ ജർമൻ ജൂത അഭയാർഥിയായ സ്വി ഷ്ളോസിനെ വിവാഹം കഴിച്ച് ലണ്ടനിൽ സ്ഥിരതാമസമാക്കി. ഡയറിക്കുറിപ്പുകളിലൂടെ നാസി ക്യാമ്പിലെ ക്രൂരതകൾ ലോകത്തോടു പറഞ്ഞ ആൻ ഫ്രാങ്ക് നാസി ക്യാമ്പിൽ രോഗിയായി 1945ൽ പതിനഞ്ചാം വയസിൽ മരിച്ചു. ആനിന്റെ അമ്മയും സഹോദരനും നാസി ക്യാമ്പിൽ കൊല്ലപ്പെട്ടു. പിതാവ് ഓട്ടോ മാത്രമാണ് അതിജീവിച്ചത്. 1953ൽ ഇവയുടെ അമ്മ ഫ്രിറ്റ്സിയെ ഓട്ടോ വിവാഹം ചെയ്തു. ഇതോടെയാണ് ആനും ഇവയും സഹോദരങ്ങളായത്.
ഓഷ്വിറ്റ്സിലെ കൊടിയപീഡനം മൂലം വിഷാദത്തിനടിമയായി ഇവ ഏറെക്കാലം നിശബ്ദ ജീവിതം നയിക്കുകയായിരുന്നു. ലണ്ടനിൽ 1986ൽ നടന്ന ആൻ ഫ്രാങ്ക് പ്രദർശനത്തിന്റെ ഉദ്ഘാടനവേളയിൽ പ്രസംഗിച്ചത് വഴിത്തിരിവായി. നാസി വംശഹത്യയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കുകയെന്നത് പിന്നീട് ഇവയുടെ ജീവിതദൗത്യമായി. മൂന്നു മക്കളുണ്ട്.
