കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ദീക്ഷിത ആണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് പുതുക്കലവട്ടം ക്ഷേത്രത്തിന് സമീപത്തെ വീട്ടിലേക്ക് സൈക്കിളിൽ മടങ്ങും വഴിയായിരുന്നു അപകടം.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
