ജയസൂര്യ നായകനായെത്തുന്ന ആട് 3യുടെ ക്യാരക്ടർ പോസ്റ്റുകള്‍ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായാണ് ആട് 3 എത്തുന്നത്. ഒരു ടൈംട്രാവൽ കഥയുമായാണ് സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് എത്തുന്നത് എന്നാണ് ക്യാരക്റ്റർ പോസ്റ്ററുകൾ നൽകുന്ന സൂചന. ഭൂതകാലം ഉണരുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടത്.
ജയസൂര്യ, സണ്ണി വെയ്ൻ, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നിരിക്കുന്നത്. ആട് സിനിമയുടെ മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇത്തവണ ഷാജി പാപ്പനും സംഘവും എത്തുന്നത്.
പതിവ് ചിരിയില്ലാതെ കലിപ്പ് മോഡിലാണ് ജയസൂര്യയുടെ ക്യാരക്ടർ ഉള്ളത്. രാജാവിന്റെ ഗെറ്റപ്പിലാണ് ഷാജി പാപ്പൻ. സൈന്യത്തിനൊപ്പം രാജാവിന്റെ ഗെറ്റപ്പിലുള്ള വിനായകൻ, ബ്രിട്ടീഷ് സെറ്റപ്പിൽ സണ്ണി വെയ്ൻ, പടത്തലവനായി അറയ്ക്കൽ അബുവും സംഘവും രാജാവിന്റെ വലംകൈയായി ധർമജൻ, ക്രൂരനായ പലിശക്കാരനായി ഇന്ദ്രൻസ് എന്നിങ്ങനെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മിഥുൻ മാനുവൽ തോമസ് ഷാജി പാപ്പനെയും സംഘത്തെയും കൊണ്ടുവരുന്നത്.
127 ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിന് ഒടുവിലാണ് ചിത്രം പൂർത്തിയാക്കിയത്. ചിത്രം മാർച്ച് 19ന് തിയറ്ററുകളിലെത്തും. വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
