ആലപ്പുഴ: എൻഎസ്എസ് എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമല്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. എൻഎസ്എസിന്റെ വാതിൽ അടഞ്ഞെന്ന് വിശ്വസിക്കുന്നില്ലെന്നും സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്നും തുഷാർ പറഞ്ഞു. എൻഎസ്എസുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. നായർ സമുദായയുമായി മാത്രമല്ല സഹകരിക്കാൻ കഴിയുന്ന മറ്റ് സമുദായങ്ങളുമായും ഐക്യം ഉണ്ടാക്കും.
ബിഡിജെഎസിന്റെ സീറ്റുകൾ വിട്ട് നൽകില്ലെന്നും തുഷാർ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണയം പൂർത്തിയാക്കും. പത്ത് ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഇത്തവണ മത്സരരംഗത്ത് നിന്ന് തന്നെ മാറ്റി നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.
