ഇന്ത്യയെക്കുറിച്ച് വാചാലമായ വിദേശികളുടെ പോസ്റ്റുകളൊക്കെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ പോസിറ്റീവ് പോസ്റ്റുകൾക്കിടയിൽ ഇപ്പോഴിതാ നെഗറ്റീവ് പോസ്റ്റുമായി ഒരു വിദേശ വനിത എത്തിയിരിക്കുകയാണ്.
ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് യുവതി പറഞ്ഞിരിക്കുന്നത്. മുംബൈയിൽവച്ചാണ് സംഭവം. വിദേശ വ്ലോഗറായ ഇനസ് എന്ന യുവതിയാണ് തനിക്ക് അനുഭവിക്കേണ്ടി വന്ന മോശം അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. 3AC കോച്ചിൽ യാത്ര ചെയ്യുമ്പോൾ, തങ്ങൾക്ക് എതിർവശത്തിരുന്ന ഒരു സംഘം യുവാക്കൾ ഇടതടവില്ലാതെ തന്നെ തുറിച്ച് നോക്കുകയും സീറ്റുകൾ മാറി മാറി ഇരുന്ന് ശ്രദ്ധിക്കുകയും ചെയ്തത് യാത്രയിൽ വലിയ അസ്വസ്ഥതയുണ്ടാക്കിയെന്ന് ഇവർ പറഞ്ഞു.
ഇവരുടെ നോട്ടം ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ നേരെ വാഷ്റൂമിലേക്ക് പോയി. എന്നാൽ അക്കൂട്ടത്തിൽ ഒരു യുവാവ് തന്നെ പിന്തുടരുന്നുണ്ടായിരുന്നു. പേടിച്ച് വാഷ്റൂമിൽ ഓടിക്കയറി വാതിൽ അടച്ചു. എന്നാൽ യുവാവ് വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെന്നും ഇവർ പറഞ്ഞു.
ഇത് തന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ആദ്യ കാര്യമല്ലെന്നും യുവതി വ്യക്തമാക്കി. സ്ത്രീകൾ എന്ത് വിശ്വസിച്ചാണ് യാത്ര ചെയ്യേണ്ടത്, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നു എന്ന് പറഞ്ഞാൽ മാത്രം പോരാ അത് പ്രത്യക്ഷത്തിൽ കൊണ്ടുവരികയും വേണമെന്നും ഇവർ കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇത് ഇന്നല്ലെങ്കിൽ നാളെ നമ്മുടെ വീടുകളിലെ സ്ത്രീകൾക്കും സംഭവിക്കാം. ഇതിനെതിരേ കർശനമായ നടപടി എടുക്കും വരെ ശക്തമായി പോരാടണമെന്ന് പലരും കുറിച്ചു.
