മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനു ജയം. സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ അരങ്ങേറിയ മത്സരത്തില്‍ മാഡ്രിഡ് 3-2ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. ആദ്യ പകുതിയില്‍ അഡെമോള ലുക്ക്മാനിലൂടെ (33) അത്ലറ്റിക്കോ ലീഡ് നേടി.
എന്നാല്‍, വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോള്‍ (52, 72 പെനാല്‍റ്റി) റയലിനു ജയം സമ്മാനിച്ചു. ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ (55) വകയായിരുന്നു ടീമിന്റെ മറ്റൊരു ഗോള്‍. നഹ്വേല്‍ മോളിന (66) അത്ലറ്റിക്കോയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 77-ാം മിനിറ്റില്‍ വാല്‍വെര്‍ഡെ ചുവപ്പുകാര്‍ഡ് കണ്ടതോടെ റയല്‍ മാഡ്രിഡ് പത്തുപേരിലേക്കു ചുരുങ്ങി.
മറ്റൊരു മത്സരത്തില്‍ എഫ്സി ബാഴ്സലോണ 1-0ന് റയോ വയ്യക്കാനോയെ തോല്‍പ്പിച്ചു. റൊണാള്‍ഡോ അരൂജോയുടെ (24) വകയായിരുന്നു ബാഴ്സലോണയുടെ ഗോള്‍. ലീഗില്‍ 29 മത്സരങ്ങളില്‍നിന്ന് 73 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 69 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാമതുണ്ട്.
