ചേലച്ചുവട്: ചക്കയിടാൻ പ്ലാവിൽ കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു. ചേലച്ചുവട് വാടകയ്ക്ക് താമസിക്കുന്ന ഓലിക്കൽ സിബി (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നാണ് ദാരുണ സംഭവം ഉണ്ടായത്.
ചക്ക കച്ചവടക്കാർക്കുവേണ്ടി കീരിത്തോട്ടിലുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചക്കയിടാൻ കയറിയപ്പോൾ പ്ലാവിന്റെ ശിഖരമൊടിഞ്ഞു താഴെയുള്ള വൈദ്യുത ലൈനിലേക്കു വീണാണ് അപകടമുണ്ടായത്. ഉടൻതന്നെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. ഭാര്യ: ജോമോൾ. മക്കൾ: ഏബൽ, എഡ്വിൻ.
