തൊടുപുഴ: നെല്ലാപ്പാറ വളവില്‍ അപകട പരമ്പരകള്‍ അവസാനമില്ലാതെ തുടരുമ്പോഴും പ്രതിരോധ സംവിധാനം ഒരുക്കുന്ന കാര്യത്തില്‍ അധികൃതര്‍ കാട്ടുന്ന നിസംഗതയ്ക്കെതിരേ പ്രതിഷേധം ശക്തമായി. എണ്ണമറ്റ അപകടങ്ങള്‍ ഇവിടെ തുടര്‍ച്ചയായി ഉണ്ടാകുമ്പോഴാണ് സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം കാറും ലോറിയും വളവില്‍നിന്നു താഴ്ചയിലേക്ക് മറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നെല്ലാപ്പാറ വളവില്‍ തുടര്‍ച്ചയായുണ്ടാകുന്ന വാഹനാപകടങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് കരിങ്കുന്നം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ ഇന്നലെ തൊടുപുഴ-പാലാ സംസ്ഥാന പാത ഉപരോധിച്ചു.
വളവിലെ അപകടസാധ്യത ഒഴിവാക്കാന്‍ ശാസ്ത്രീയമായ റോഡ് നിര്‍മാണം നടത്തുക, സംരക്ഷണഭിത്തികളും മുന്നറിയിപ്പ് ബോര്‍ഡുകളും അടിയന്തരമായി സ്ഥാപിക്കുക, സ്ഥാനാര്‍ഥികള്‍ നെല്ലാപ്പാറ വളവിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം എന്നിവയായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം. നിരന്തരം അപകടംകണ്ട് പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണെന്നും സമരക്കാര്‍ പറഞ്ഞു.
ഉപരോധത്തെത്തുടര്‍ന്ന് പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പത്തിലധികം അപകടങ്ങളാണ് ഈ വളവില്‍ സംഭവിച്ചത്. റോഡ് നിര്‍മാണത്തിലുണ്ടായ അപാകതയാണ് അപകടത്തിനിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താന്‍പോലും അധികൃതര്‍ തയാറായിട്ടില്ല.
കോട്ടയം ജില്ലാ അതിര്‍ത്തിയിലെ അപകടസാഹചര്യം ഒഴിവാക്കാന്‍ മീനച്ചില്‍ താലൂക്ക് അധികൃതര്‍ 12 സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് വികസനസമിതി യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇടുക്കി ജില്ലയുടെ ഭാഗമായ നെല്ലാപ്പാറയില്‍ പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ജനകീയ കൂട്ടായ്മ പ്രതിനിധി അജീഷ് പൊന്നപ്പന് പറഞ്ഞു.
ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന റൂട്ടാണ് തൊടുപുഴ-പാലാ സംസ്ഥാനപാത. ഈ റൂട്ടിലെ പതിവ് അപകടസ്ഥലമാണ് നെല്ലാപ്പാറ വളവ്. കുത്തനെയുള്ള കയറ്റിറക്കവും കൊടും വളവുമുള്ള ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങള്‍ പതിവാണ്. ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ എംജി യൂണിവഴ്സിറ്റിയിലെ നാല് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ നവംബറില്‍ ഇതേ സ്ഥലത്ത് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. അന്ന് തകര്‍ന്ന ക്രാഷ് ബാരിയര്‍ ഇതുവരെ അറ്റകുറ്റപ്പണി നടത്താത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
