ന്യൂയോര്‍ക്ക്/മുംബൈ: അമേരിക്ക അടുത്ത മാസം പലിശ കൂട്ടുമെന്ന് ഉറപ്പായത് രൂപയ്ക്കു തിരിച്ചടിയായി, ഓഹരികളും താണു. ഡോളര്‍ ഇന്നലെ 68 രൂപയ്ക്കു മുകളിലെത്തി. രൂപയുടെ ഇടിവ് തുടരുമെന്നാണു സൂചന.രൂപയ്ക്ക് മൂല്യമിടിയുന്നതു മൂലം സ്വര്‍ണത്തിനും ക്രൂഡ് ഓയിലിനും വിദേശത്തുണ്ടാകുന്ന ഇടിവിന്റെ നേട്ടം ഇന്ത്യക്കാര്‍ക്കു കാര്യമായി ലഭിക്കുന്നില്ല.
അടുത്ത മാസത്തെ ഫെഡറല്‍ റിസര്‍വ് ബോര്‍ഡി(ഫെഡ്)ന്റെ പണനയ കമ്മിറ്റി പലിശനിരക്ക് കൂട്ടാന്‍ തീരുമാനിക്കും എന്ന വ്യക്തമായ സൂചന ഫെഡ് ചെയര്‍പേഴ്സണ്‍ ജാനറ്റ് എലന്‍ നല്കി. യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കിയപ്പോഴാണിത്. തൊഴില്വര്ധനയും വിലക്കയറ്റവും സാമ്പത്തികവളര്‍ച്ചയും ഉദ്ദേശിച്ച തോതിലേക്ക് എത്തിയ സാഹചര്യത്തില്‍ പലിശകൂട്ടല്‍ ഇനി വൈകിക്കാനാവില്ലെന്നാണ് എലന്‍ പറഞ്ഞത്.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നതിന്റെ പേരില്‍ താന്‍ രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എലന്‍ പറഞ്ഞു. 2018–ലാണ് എലന്റെ കാലാവധി തീരുക. എലന്റെ നയത്തെ ട്രംപ് പലവട്ടം വിമര്ശിച്ചിരുന്നതുകൊണ്ടാണ് രാജിയെപ്പറ്റി ചോദ്യമുണ്ടായത്.യുഎസ് പലിശ കൂട്ടുന്നത് ഇന്ത്യയടക്കം വികസ്വരരാജ്യങ്ങളില്‍നിന്നു നിക്ഷേപം അമേരിക്കയിലേക്ക് ഒഴുകും. ഇതാണ് കറന്‍സികള്‍ക്കും ഓഹരികള്‍ക്കും വിലയിടിക്കുന്നത്.
ഡോളര്‍ വിനിയമനിരക്ക് ഇന്നലെ 68.13 രൂപയായി. തലേന്നത്തേക്കാള്‍ 32 പൈസ കൂടുതല്‍ വരുംദിവസങ്ങളിലും ഡോളര്‍ കയറുമെന്നാണു സൂചന. 2013 ഓഗസ്റ്റില്‍ 68.86 രൂപവരെ എത്തിയതാണ് ഡോളര്‍. ആഗോളതലത്തില്‍ ഡോളര്‍ ഇപ്പോള്‍ 14 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്.സെന്‍സെക്സ് ഇന്നലെ 77.38 പോയിന്റ് താണു. കഴിഞ്ഞ അഞ്ചു ദിവസത്തെ താഴ്ച 1367.44 പോയിന്റ് (4.97 ശതമാനം).വ്യാപാരവും കുറവായി. വ്യാഴാഴ്ച 2660 കോടിയും ഇന്നലെ 2386 കോടിയുമാണ് ബിഎസ്ഇയിലെ ടേണോവര്‍. കറന്‍സി റദ്ദാക്കലാണ് വ്യാപാരവ്യാപ്തം കുറയാന്‍ കാരണം.