തിരുവനന്തപുരം: വോട്ട് രേഖപ്പെടുത്തി സൂപ്പർ താരം മോഹൻലാൽ. തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.
ഇന്ന് അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തിൽ അര മണിക്കൂറോളം ക്യൂവിൽ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.
സ്ഥാനാർഥികളായ കെ. എസ് ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു. ഈ നിമിഷത്തെക്കുറിച്ച് ശബരീനാഥൻ കുറിച്ചത് ഇങ്ങനെ. ജനാധിപത്യത്തിന്റെ സൗന്ദര്യം: “ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്കൂളിലെത്തിയ ലാലേട്ടൻ….കൂടെ സ്ഥാനാർഥികളായ ഞാനും ശിവൻകുട്ടിയും.” എത്ര തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ താരം കാണിച്ച താല്പര്യം എല്ലാവർക്കും മാതൃകയാണെന്ന് ശബരീനാഥൻ കൂട്ടിച്ചേർത്തു.
