വിവാഹ ചടങ്ങുകൾ ശാന്തവും ലളിതവുമായ ഒന്നാകും എന്ന് പ്രതീക്ഷിച്ച് വന്നവർക്ക് തെറ്റി, എന്നാൽപ്രകൃതിയുടെ അപ്രതീക്ഷിത ഇടപെടൽ മൂലം സിനിമയെ വെല്ലുന്ന മറക്കാനാവാത്ത നിമിഷങ്ങളാണ് ലഭിച്ചത്.കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ നടന്ന ഒരു വിവാഹത്തിനിടെ മലയിടിച്ചിൽ ഉണ്ടായതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിൽ നടന്ന വിവാഹ ചടങ്ങിൽ വധൂവരന്മാർ പരസ്പരം പ്രതിജ്ഞ ചൊല്ലാൻ തയ്യാറെടുക്കുന്ന നിമിഷത്തിലാണ് പെട്ടന്ന് അത് സംഭവിച്ചത്. പിന്നാലെ മലനിരകളിൽ നിന്ന് മുഴക്കം കേൾക്കുകയും നിമിഷങ്ങൾക്കുള്ളിൽ മലമുകളിൽ നിന്ന് പാറക്കല്ലുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയും ചെയ്യാൻ തുടങ്ങിയത്. ഈ നാടകീയ രംഗങ്ങൾ കണ്ട് വധൂവരന്മാരും അതിഥികളും ഞെട്ടിതരിച്ചുപോയി.
ഫോട്ടോഗ്രാഫറായ ലോയിസ് വാൽഡെസ് പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.മലകളെപ്പോലും നീക്കുന്ന സ്നേഹം എന്ന അടികുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.സംഭവത്തെതുടർന്ന് ആർക്കും പരിക്കുകളൊന്നുമില്ല. മലയിടിച്ചിലിന്റെ ആഘാതത്തിനുശേഷം വിവാഹ ചടങ്ങുകൾ തുടർന്നു. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന മനോഹരമായ ഒരു ഓർമ്മയായി ഈ സംഭവം മാറിയെന്നും വധൂവരന്മാർ കുറിച്ചു.
