ലഖ്നൗവിലെ ഒരു ടാക്സി ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ഹൃദയസ്പർശിയായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തന്റെ മക്കളുടെ നേട്ടത്തെക്കുറിച്ച് ഡ്രൈവറായ ഉപേന്ദ്ര ഗുപ്ത അഭിമാനത്തോടെ സംസാരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.
തന്റെ ഒരു മകൾ ഐഎഎസ് ഓഫീസറായും മറ്റൊരാൾ സിബിഐ ഉദ്യോഗസ്ഥയായും തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അദ്ദേഹം യാത്രക്കാരനോട് വെളിപ്പെടുത്തുന്നു. സ്വന്തം പരിശ്രമത്തിലൂടെയാണ് അവർ ഈ നേട്ടം കൈവരിച്ചതെന്ന വസ്തുത ഏറെ ശ്രദ്ധേയവും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തനിക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും, മക്കളുടെ വിജയം ഒരു അച്ഛനെന്ന നിലയിൽ തനിക്ക് നൽകുന്ന സന്തോഷം വിവരിക്കാനാവില്ലെന്ന് അദ്ദേഹം ആവേശത്തോടെ പറയുന്നു.
സമർപ്പണത്തിന്റെ പിതൃവാത്സല്യത്തിന്റെയും ഉത്തമ ഉദാഹരണമായി സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഉപേന്ദ്ര ഗുപ്തയെയും അദ്ദേഹത്തിന്റെ മക്കളെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ഒരു അച്ഛന്റെ കഠിനാധ്വാനവും സന്തോഷവും ലോകത്തെ അറിയിച്ചതിന് യാത്രക്കാരനോട് നന്ദി പറഞ്ഞും, ആ കുടുംബത്തിന് നന്മകൾ നേർന്നും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
