കൊല്ലം: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ.
കൊല്ലം ശൂരനാട് വടക്ക് ആനയടി സ്വദേശി അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. ഇയാൾ കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫീസർ ആണ്. പ്രായപൂർത്തിയാകും മുൻപ് പരാതിക്കാരി അമ്മയുടെ ഫോണിലെടുത്ത ചിത്രങ്ങൾ അവിനാഷ് സ്വന്തം ഫോണിലേക്ക് പകർത്തുകയായിരുന്നു.
തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ചിത്രങ്ങൾ പെൺകുട്ടിക്കും മാതാവിനും അയച്ചു. ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുമായി താൻ ബന്ധപ്പെട്ടെന്നും 15 പവൻ സ്വർണം നൽകിയാൽ ഇത് തടയാമെന്നും പ്രതി കുടുംബത്തെ അറിയിച്ചു.
പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അവിനാഷ് പിടിയിലാകുന്നത്. ഇയാളെ സേനയിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
