കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആന സൃഷ്ടിച്ചത് മണിക്കൂറോളം നീണ്ട പരിഭ്രാന്തി. ഒടുവിൽ മയക്ക് വെടിവച്ച് ആനയെ തളച്ചു. ലോറി ഡ്രൈവറെ ചവിട്ടിക്കൊന്ന ആന മൂന്നര മണിക്കൂറോളം പ്രദേശവാസികളെ മുൾമുനയിൽ നിർത്തി. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൊല്ലം മയ്യനാട് പാര്‍ത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. സമീപമുണ്ടായിരുന്ന കാറും ബൈക്കും ആന തകർത്തു. വിഷ്ണു ആനയെ പരിപാലിക്കാനും മറ്റുമായിട്ടാണ് എത്തിയത്. പിന്നീട് വണ്ടിയുടെ ഡ്രൈവറായി മാറി. പാപ്പാന്റെ സഹായിയായും പോകാറുണ്ട്. ആന ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നത് ആദ്യമായിട്ടാണെന്ന് ഉടമ പറഞ്ഞു.
കൊല്ലം മയ്യനാട് അരുണിമ എന്ന വീട്ടിലെ രാജുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഇടഞ്ഞ പാർഥസാരഥി. പത്തനംതിട്ട കൊടുമൺ സ്വദേശി സൗരഭിനാണ് ആനയെ പാട്ടത്തിന് നൽകിയത്.
