മയ്യിൽ: മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിഭവൻ തകർത്ത സംഭവത്തിൽ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി വേളത്തെ കെ.കെ. മനീഷിനെ കോടതി റിമാൻഡ് ചെയ്തു. ഈ സഭവത്തിലെ ആദ്യ അറസ്റ്റാണ് മനീഷിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അടുത്തദിവസമാണ് ഗാന്ധിഭവൻ അക്രമിച്ചു തകർത്തത്. മയ്യിൽ സഹകരണ ബാങ്ക് ജീവനക്കാരനാണ് മനീഷ്. ഇന്നലെ ഉച്ചയ്ക്കാണ് ഇൻസ്പെക്ടർ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് ഓഫീസ് തകർത്തുവെന്ന കേസിലാണ് അറസ്റ്റ്. യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ രാഷ്ട്രീയ വൈരാഗ്യം വച്ച് കോൺഗ്രസുകാർ നൽകിയ കള്ളപ്പരാതിയിലാണ് പോലീസ് നടപടിയെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടും മനീഷിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും സിപിഎം മയ്യിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. സിപിഎം ജില്ലാകമ്മിറ്റി അംഗം കെ.സി. ഹരികൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു.
മയ്യിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കെ.കെ. മനീഷിനെ കള്ളക്കേസിൽ കുടുക്കി തൊഴിൽസ്ഥാപനത്തിൽ കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
