എട്ടു വർഷമായി യുകെയിലെ ജീവിതത്തിൽ മടുപ്പ് തോന്നി നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 18 വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ ലണ്ടനിൽ എത്തിയതെന്ന് 26കാരനായ ഇദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.അവിടെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി നല്ല വരുമാനം നേടുന്നുണ്ടെങ്കിലും, താൻ ഒരു കുടുങ്ങിയ അവസ്ഥയിലാണെന്നും നാട്ടിലെ പഴയ സന്തോഷകരമായ ജീവിതം മിസ്സ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു.
എന്റെ ജീവിതത്തിൽ ഇപ്പോൾ ആവേശമോ സമാധാനമോ ഇല്ല. ചിലപ്പോഴൊക്കെ ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോയാലോ എന്ന് തോന്നും. എന്റെ കുട്ടിക്കാലവും സ്കൂൾ കാലവുമെല്ലാം ഇന്ത്യയിലായിരുന്നു, അവിടെ കൂട്ടുകാർക്കൊപ്പം മികച്ച ജീവിതമായിരുന്നു എനിക്കുണ്ടായിരുന്നത്. വീട്ടുകാരുടെ സമ്മർദ്ദം കാരണം എല്ലാം ഉപേക്ഷിച്ചാണ് പോന്നത്. സത്യം പറഞ്ഞാൽ എനിക്ക് ഒരിക്കലും യുകെയിലേക്ക് വരാൻ താല്പര്യമില്ലായിരുന്നു, എന്ന വൈകാരികമായ കുറിപ്പാണ് പങ്കുവച്ചത്.
പ്രതിമാസം 5 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, അടുത്ത സുഹൃത്തുക്കളോ സാമൂഹിക ജീവിതമോ ഇല്ലാത്തത് തന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവധി ദിവസങ്ങളിൽ ഇന്ത്യയിലുള്ള സുഹൃത്തുക്കളോട് സംസാരിക്കാറുണ്ട്. എന്നാൽ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് പറയുമ്പോൾ, ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം അത്ര നല്ലതല്ലെന്നും മടങ്ങിവരുന്നത് തെറ്റായ തീരുമാനമായിരിക്കുമെന്നുമാണ് അവർ പറയുന്നത്. ഈ കുറിപ്പ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ചിലർ നാട്ടിലേക്ക് മടങ്ങാൻ ഉപദേശിച്ചപ്പോൾ മറ്റുചിലർ തീരുമാനമെടുക്കുന്നതിന് മുൻപ് സാഹചര്യം ഒന്നുകൂടി വിലയിരുത്താൻ ആവശ്യപ്പെട്ടു.
