കൊച്ചി: വിദ്യാര്‍ഥികളില്‍ സൈബര്‍ സുരക്ഷ നൈപുണ്യവും അവബോധവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കിഡ് ഗ്ലോവ് ബോധവത്കരണ പരിപാടിയുമായി കേരള പോലീസ്. കേരള പോലീസ് സൈബര്‍ഡോമും, സംസ്ഥാനത്തെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ വിദ്യാലയങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന സൈബര്‍ ബോധവല്‍ക്കരണ പദ്ധതിയാണ് കിഡ് ഗ്ലോവ്.
എന്തിനും ഏതിനും ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന കാലമാണിത്. ചെറിയ ക്ലാസിലെ കുട്ടികള്‍ പോലും ഇന്റര്‍നെറ്റിന്റെ സൗകര്യം പഠനത്തിനായി ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഈ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി മനുഷ്യസമൂഹം മുന്നോട്ടു കുതിക്കുന്നതിനോടൊപ്പം തന്നെ ഇന്റര്‍നെറ്റിന്റെ മറ്റൊരു വശംകൂടിയുണ്ട്. പലപ്പോഴും കെണി ഒരുക്കി കാത്തിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാരും ഇതിനകത്തുണ്ട്. സൈബര്‍ ലോകത്ത് നിന്നും കുട്ടികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ചെറിയ മുറിവുകള്‍ പോലും അവരുടെ ജീവിതത്തില്‍ ഉടനീളം അവരെ വേട്ടയാടുന്ന ഒന്നായി മാറിക്കൊണ്ടിരിക്കും.
ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി “സൈബര്‍ സുരക്ഷാ അവബോധം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് വിദ്യാലയങ്ങളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും പുതുമായര്‍ന്ന മത്സരങ്ങളും അണിനിരത്തുന്ന പ്രവര്‍ത്തനമാണ് കിഡ് ഗ്ലോവ്.
സൈബര്‍ സുരക്ഷാ പ്രതിഞ്ജ, സൈബര്‍ സുരക്ഷ അടിസ്ഥാനമാക്കി ചിത്രരചന, കാര്‍ട്ടൂണ്‍ രചന, അനുഭവക്കുറിപ്പ്, പരസ്യവാചകം തയ്യാറാക്കല്‍, സൈബര്‍ സുരക്ഷാ ഡയറി തയാറാക്കല്‍ എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം, സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മത്സരങ്ങളും ഉള്‍പ്പെടുത്തി കുട്ടികളില്‍ സൈബര്‍ അവബോധം ഉണര്‍ത്തുകയാണ് ഈ പദ്ധതിയിലൂടെ കേരളാ പോലീസ് ചെയ്യുന്നത്.
സ്വന്തം ലേഖിക
