ഡൽഹി: റോഡരികിൽ പരിക്കേറ്റ് വേദന കൊണ്ട് പിടയുന്ന മയിലിനെ രക്ഷിക്കുന്നതിന് പകരം പീലികൾ പറിച്ചെടുക്കുന്ന നാട്ടുകാരുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളെ ഞെട്ടിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങൾ. ഒന്ന് അനങ്ങാൻ പോലുമാകാതെ കിടക്കുന്ന പക്ഷിയുടെ തൂവലുകൾ യാതൊരു ദയവും കൂടാതെ ആളുകൾ പറിച്ചെടുക്കുന്ന വീഡിയോ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ്.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മയിലിനെ പെട്ടെന്ന് ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇന്ത്യയുടെ ദേശീയ പക്ഷി വേദന കൊണ്ട് പിടയുന്നതൊന്നും ആളുകളുടെ ശ്രദ്ധയിൽ പെട്ടില്ല. അതിനെ രക്ഷപ്പെടുത്തുന്നതിന് പകരം ജീവനോടെ തൂവലുകൾ വലിച്ചൂരുകയായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ സാധാരണയായി ആളുകൾ പരിക്കേറ്റ മൃഗത്തെയോ പക്ഷിയെയോ സഹായിക്കുകയോ വനം വകുപ്പിനെയോ മൃഗസംരക്ഷണ വകുപ്പിനെയോ അറിയിക്കുകയാണ് പതിവ്
പക്ഷിയെ ആശുപത്രിയിലേക്കോ രക്ഷാകേന്ദ്രത്തിലേക്കോ കൊണ്ടുപോകാൻ ആരും ശ്രമിക്കുന്നതായി കാണുന്നില്ല. അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ രൂക്ഷവിമര്ശനത്തിനിടയാക്കി. നിരവധി ഉപയോക്താക്കൾ ഈ പ്രവൃത്തിയെ ക്രൂരവും ലജ്ജാകരവുമാണെന്ന് വിളിച്ചു. ഇത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം’ ഒരാൾ ആവശ്യപ്പെട്ടു. കൃത്യസമയത്ത് വൈദ്യചികിത്സ ലഭിച്ചിരുന്നെങ്കിൽ മയിലിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് നിരവധി പേര് ചൂണ്ടിക്കാട്ടി.
