യൂറോപ്പ് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ അങ്കിത എന്ന യുവതി രാജ്യത്ത് കണ്ട വലിയ വ്യത്യാസങ്ങൾ ചൂണ്ടികാണിച്ചു സമൂഹ മാധ്യമങ്ങളിൽ ഒരു പോസ്റ്റ് കുറിച്ചതാണ് ഇപ്പോൾ വലിയ ചർച്ചയായിമാറിയിരിക്കുന്നത്. ഇന്ത്യയിലെ റോഡ് വികസനം, ( റോഡ് ഇൻഫ്രാസ്ട്രക്ചർ ) വിദേശരാജ്യങ്ങൾക്ക് ഒപ്പമെത്തുന്ന രീതിയിൽ മെച്ചപ്പെട്ടുവെന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ അങ്കിത വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലെ റോഡുകളും ഇന്ത്യയിലെ റോഡുകളും തമ്മിലുള്ള വ്യത്യാസം (Infrastructure Gap) ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ടെന്ന് ഇവർ തന്റെ വീഡിയോയിൽ പറയുന്നു. സ്പെയിനിലെയും ഇന്ത്യയിലെയും ഹൈവേകൾ താരതമ്യം ചെയ്തുകൊണ്ടാണ് അങ്കിത ഈ വീഡിയോ പങ്കുവെച്ചത്.
മുൻകാലങ്ങളിൽ വിദേശയാത്രകൾ നടത്തുമ്പോൾ ഇന്ത്യയിൽ ഇല്ലാത്ത സൗകര്യങ്ങളെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നതെങ്കിൽ, പുതിയ യാത്ര ഇന്ത്യയിലെ വികസനം തിരിച്ചറിയാൻ സഹായിച്ചുവെന്ന് അങ്കിത പറയുന്നു. ഇന്ത്യയിലെ പുതിയ റോഡുകളുടെ ടാറിംഗ്, ലാൻഡ്സ്കേപ്പിംഗ്, സൈൻ ബോർഡുകൾ, കൃത്യമായ മെയിന്റനസ് എന്നിവ വികസിത രാജ്യങ്ങളിലെ റോഡുകളോട് കിടപിടിക്കുന്നതാണെന്ന് വീഡിയോയിൽ വ്യക്തമാക്കുന്നു.
“ഇതൊരു മത്സരമല്ല, മറിച്ച് രാജ്യത്തിന്റെ പുരോഗതിയെ അഭിനന്ദിക്കുക മാത്രമാണ്” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാജ്യം ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും, പ്രത്യേകിച്ച് എക്സ്പ്രസ് വേകളുടെയും ഹൈവേകളുടെയും കാര്യത്തിൽ സമീപകാലത്തുണ്ടായ മാറ്റം യഥാർത്ഥമാണെന്ന് സമ്മതിച്ച് നിരവധി പേർ ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
