മുംബൈ: പ്രതിമാസം 2.2 ലക്ഷം രൂപ സംയുക്ത വരുമാനമുണ്ടായിട്ടും മുംബൈ നഗരത്തിൽ ജീവിക്കാൻ കഷ്ടപ്പെടുന്നു എന്ന വെളിപ്പെടുത്തലുമായി യുവദമ്പതികൾ. ‘പേഴ്സണൽ ഫിനാൻസ് ഇന്ത്യ’ എന്ന റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇത്രയും വലിയൊരു തുക കൈയ്യിലുണ്ടായിട്ടും മാസാവസാനമാകുമ്പോഴേക്കും സാമ്പത്തികമായി തങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഇവർ പറയുന്നു.
മുംബൈ പോലുള്ള ഒരു മെട്രോ നഗരത്തിൽ ഒരു ബെഡ്റൂം ഫ്ലാറ്റിന് 44,000 രൂപ വാടക വരുന്നത് സാധാരണമാണെങ്കിലും, ദമ്പതികളുടെ മറ്റ് ചില ശീലങ്ങളാണ് ആളുകളെ ചിന്തിപ്പിച്ചത്. വരുമാനത്തിന്റെ വലിയൊരു പങ്കായ 60,000 രൂപ ഇവർ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി കൃത്യമായി നിക്ഷേപിക്കുന്നുണ്ട്. ഇത് വളരെ മികച്ചൊരു സമ്പാദ്യശീലമാണെന്നും ഭാവി സുരക്ഷിതമാക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.
എന്നാൽ, എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായ കണക്കില്ലാത്ത 54,000 രൂപ മുതൽ 58,000 രൂപ വരെയുള്ള ചെലവുകളാണ് ഇവരെ യഥാർത്ഥത്തിൽ പ്രതിസന്ധിയിലാക്കുന്നത്. വസ്ത്രങ്ങൾ, പെർഫ്യൂമുകൾ എന്നിവ വാങ്ങുന്നതിനും, മുൻകൂട്ടി പ്ലാൻ ചെയ്യാതെ നാട്ടിലേക്ക് നടത്തുന്ന അവസാന നിമിഷത്തെ യാത്രകൾക്കുമായാണ് ഈ തുക ചെലവഴിക്കുന്നത്. അനുവാദം വൈകി ലഭിക്കുന്നത് കൊണ്ട് നാട്ടിലേക്ക് ഉയർന്ന തുകയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുക്കേണ്ടി വരുന്നത് പലപ്പോഴും 45,000 രൂപയോളം അധിക ബാധ്യത വരുത്തിവെക്കുന്നു.
വരുമാനം കൂടുന്നതിനനുസരിച്ച് ചെലവുകളും അറിയാതെ വർദ്ധിക്കുന്ന ‘ലൈഫ്സ്റ്റൈൽ ക്രീപ്’ എന്ന പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിലയിരുത്തുന്നു. പണം ഇല്ലാത്തതല്ല, മറിച്ച് പണം എങ്ങോട്ടാണ് ഒഴുകിപ്പോകുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് ഇവരുടെ സാമ്പത്തിക ആശങ്കയ്ക്ക് കാരണം. ആദ്യം ചെലവാക്കിയ ശേഷം ബാക്കി തുക സമ്പാദിക്കുന്നതിന് പകരം, കൃത്യമായൊരു ബഡ്ജറ്റ് ഉണ്ടാക്കി ജീവിക്കണമെന്നാണ് പലരും ഇവർക്ക് നൽകുന്ന ഉപദേശം.
