മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ നടന്ന പരമ്പരാഗത കാളജോഡി മത്സരത്തിനിടെ അക്രമാസക്തനായ കാള ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ആറുപേർക്ക് പരിക്കേറ്റു. ഗാധിംഗ്ലാജ് താലൂക്കിലെ ഭഡ്ഗാവ് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് നാടിനെ വിറപ്പിച്ച ഈ സംഭവം നടന്നത്. കാളകളുടെ കരുത്തും ആരോഗ്യവും അളക്കുന്നതിനായി ഗ്രാമീണർ സംഘടിപ്പിച്ച ജനകീയ മത്സരത്തിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
മത്സരത്തിനായുള്ള പരിശോധനകൾ നടക്കുന്നതിനിടെ പെട്ടെന്ന് പരിഭ്രാന്തനായ ഒരു കാള കയർ പൊട്ടിച്ച് നിയന്ത്രണമില്ലാതെ ഓടുകയായിരുന്നു. ജഡ്ജിമാർ ഇരുന്ന പ്രധാന പ്ലാറ്റ്ഫോമിന് നേരെ കാള പാഞ്ഞടുത്തതോടെ സംഘാടകരും വിധികർത്താക്കളും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. അനിയന്ത്രിതമായി പാഞ്ഞുനടന്ന കാളയുടെ കുത്തേറ്റാണ് മൂന്ന് പ്രദേശവാസികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റത്.
ഓടിയടുത്ത കാളയിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ ചിതറിയോടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറിയിട്ടുണ്ട്. ഓട്ടത്തിനിടെ സമീപത്തെ ഓടയിലേക്ക് മറിഞ്ഞുവീണ കാളയുടെ ഒരു കൊമ്പ് ഒടിയുകയും തുടർന്ന് കർഷകരും ഉടമകളും ചേർന്ന് അതിനെ ശാന്തനാക്കി പിടിച്ചുകെട്ടുകയുമായിരുന്നു. പരിക്കേറ്റ ആറുപേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് നിർത്തിവെച്ച മത്സരം, സ്ഥിതിഗതികൾ ശാന്തമായ ശേഷം സംഘാടകർ പുനരാരംഭിക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
