എച്ച്1 എന്‍1 ഇന്‍ഫ്ളൂവന്‍സ, വൈറല്‍ പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആവശ്യമായ ചികിത്സ തേടണം.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം
വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ചുമച്ചതിനോ തുമ്മിയതിനോ ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് കൈകള്‍ കഴുകണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ കൈമുട്ടിന്റെ ഉള്‍ഭാഗം ഉപയോഗിച്ച് മൂക്കും വായും മൂടണം. ഉപയോഗിച്ച ടിഷ്യൂ ഉടന്‍ മാലിന്യപ്പെട്ടിയില്‍ നിക്ഷേപിച്ച് കൈകള്‍ കഴുകണം. പനിയുള്ളവരിൽ നിന്ന് അകലം പാലിക്കണം.
കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കരുത്. വെള്ളക്കുപ്പി, ഭക്ഷണപാത്രം, ഗ്ലാസ്, ടവല്‍, ഇതേ പോലുള്ള വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ചുമയോ പനിയോ ഉള്ള സഹപാഠികളില്‍ നിന്ന് അകലം പാലിക്കണം. ചുമ, ജലദോഷം, പനി ഇടങ്ങളില്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാസ്ക് ധരിക്കണം.
സ്കൂളില്‍ വരാതെ വീട്ടില്‍ വിശ്രമിക്കുക
പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ സ്കൂളില്‍ വരാതെ വീട്ടില്‍ വിശ്രമിക്കുകയും അധ്യാപകരെ അറിയിക്കുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക.
പൊതുസ്ഥലങ്ങളിൽ തുപ്പരുത്
ക്ലാസ് മുറികളില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകളും വാതിലുകളും തുറന്നിടണം. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. പനി ഉള്ളപ്പോള്‍ സ്കൂളില്‍ വരരുത്. അസുഖമുള്ളപ്പോള്‍ കൈകൊടുക്കലും ആലിംഗനവും ഒഴിവാക്കണം. അസുഖബാധിതരായ കുട്ടികള്‍ക്കു ചുറ്റും നില്‍ക്കരുത്.
ശ്വാസംമുട്ടല്‍
ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ വേഗത്തിലുള്ള ശ്വസനം, ചുണ്ടുകള്‍ നീലനിറമാകുക, അമിത ക്ഷീണം, ആശയക്കുഴപ്പം, ഉണര്‍ത്താന്‍ ബുദ്ധിമുട്ട്, തുടര്‍ച്ചയായി ഉയര്‍ന്ന പനി നിലനില്ക്കുക, നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, ചുമ വര്‍ധിക്കുക അല്ലെങ്കില്‍ നെഞ്ചുവേദന ഉണ്ടാകുക എന്നിവ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
ആസ്ത്മയോ ദീര്‍ഘകാല രോഗങ്ങളോ ഉള്ള കുട്ടികള്‍
ആസ്ത്മയോ മറ്റ് ദീര്‍ഘകാല രോഗങ്ങളോ ഉള്ള കുട്ടികള്‍ക്ക് ഇന്‍ഫ്ളൂവന്‍സ ലക്ഷണങ്ങള്‍ കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ രക്ഷിതാക്കളുടെ പങ്ക് നിര്‍ണായകമാണ്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാതിരിക്കുകയും ആവശ്യമായ ചികിത്സ തേടുകയും ചെയ്യണമെന്ന് രക്ഷിതാക്കളെ സ്കൂള്‍ അധികൃതര്‍ പ്രത്യേകം അറിയിക്കണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം &
നാഷണൽ ഹെൽത്ത് മിഷൻ
