ഏറ്റുമാനൂർ: പ്രതികൂല സാഹചര്യങ്ങളിലും സമ്മിശ്ര കൃഷിരീതിയിലൂടെ സുസ്ഥിര വരുമാനം ഉറപ്പാക്കുകയാണ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ബൈജു ഫാംസ് ഉടമ ബൈജു മാതിരമ്പുഴ. എട്ടേക്കറോളം വരുന്ന ഫാമിൽ പശു, ആട്, കോഴി, തെങ്ങ്, മാവ്, വാഴ എന്നിങ്ങനെ വൈവിധ്യമാർന്ന കൃഷിരീതികളിലൂടെയാണ് ബൈജു ഫാം ശ്രദ്ധേയമാകുന്നത്.12 വർഷം മുമ്പ് ആരംഭിച്ച ഫാമിൽ ഇപ്പോൾ 40 പശുക്കളുണ്ട്. ഹൈബ്രീഡ് പശുക്കളും ജേഴ്സി പശുക്കളുമാണുള്ളത്. നിലവിൽ ഇവയിൽ 25 എണ്ണം കറവയുള്ളവയാണ്. അഞ്ചു പശുക്കളുമായാണ് തുടക്കം. കിടാങ്ങളെ വിൽക്കാറില്ല. ഈ അഞ്ചു പശുക്കളിൽ നിന്നാണ് ഇത്രയും പശുക്കൾ ആയിരിക്കുന്നത്.
ഇപ്പോൾ 400 ലിറ്ററോളം പാലാണ് ദിവസേന ഉത്പാദിപ്പിക്കുന്നത്. ഗുണമേന്മയുള്ള പാലിന് ആവശ്യക്കാർ ഏറെയാണ്. 150ലേറെ വീടുകളിൽ ഫാമിൽനിന്ന് നേരിട്ട് പാൽ എത്തിക്കുന്നു. ഇവിടെ നിന്ന് പാലെടുത്ത് വില്പന നടത്തുന്നവരുമുണ്ട്. ഇങ്ങനെ കൊടുത്ത ശേഷം മിച്ചം വരുന്ന പാൽ ശ്രീകണ്ഠമംഗലം ക്ഷീര കർഷക സൊസൈറ്റിയിൽ നൽകുന്നു.
പശുക്കളുടെ പരിപാലനത്തിൻ ബൈജു പ്രത്യേക ശ്രദ്ധ വയ്ക്കുന്നു. ഫാമിൽ മൂന്നേക്കറോളം സ്ഥലത്ത് നാടൻ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നു. പുല്ലിനൊപ്പം പെല്ലറ്റും തേനിയിൽനിന്ന് എത്തിക്കുന്ന ധാന്യപ്പൊടികളുടെ കൂട്ടുതീറ്റയും നൽകുന്നു. പശുക്കളെ എല്ലാ ദിവസവും അഴിച്ചുവിടുന്നു. അഴിച്ചു വിടുമ്പോൾ പശുക്കൾക്ക് തണലിനായി അരയേക്കറോളം സ്ഥലത്ത് പലയിനം മുള വച്ചുപിടിപ്പിച്ചിരിക്കുന്നു.
ക്ഷീരവികസന വകുപ്പു നടത്തുന്ന കന്നുകാലി പ്രദർശനങ്ങളിൽ ഫാമിലെ പശുക്കൾ പതിവായി പങ്കെടുക്കുന്നുണ്ട്. ഏറ്റവും നല്ല പശു, കിടാരി എന്നിവയ്ക്ക് മൂന്നു തവണ ഒന്നാം സമ്മാനം കിട്ടിയിട്ടുണ്ട്.ഫാമിൽ ജമുനാ പ്യാരി, ഷിരോഗി, ബീറ്റിൽ, ഹൈദരാബാദി ഇനങ്ങളിൽപെട്ട 25 ആടുകളാണുള്ളത്. ആടിന്റെ പാൽ വിൽക്കുന്നില്ല. പാൽ കുഞ്ഞുങ്ങൾക്ക് കൊടുത്ത് വളർത്തിയ ശേഷം കുഞ്ഞുങ്ങളെ വിൽക്കുകയാണ്. 50 കുഞ്ഞുങ്ങളെ വരെ ഒരു വർഷം വിൽക്കുന്നുണ്ട്.
ബിവി 3 ഇനത്തിൽ പെട്ട 150 കോഴികൾ നിലവിലുണ്ട്. ഗുണമേന്മയുള്ള മുട്ടയ്ക്ക് ആവശ്യക്കാർ ഏറെയാണ്.കായ് ഫലമുള്ള 150 തെങ്ങുകൾ ഫാമിലുണ്ട്. ഇവയിൽ നിന്ന് കരിക്കാണ് വിൽക്കുന്നത്. മംഗോസ്റ്റിനും കായ് ഫലവും ഗുണമേന്മയുമുള്ള മാവുകളും വിവിധയിനം വാഴകളും വരുമാനം നൽകുന്നു. അടുത്ത ഘട്ടമായി മീൻകൃഷിയാണ് ലക്ഷ്യമിടുന്നത്. ഇതിനായി കുളങ്ങൾ തയ്യാറായി വരുന്നു.
ഫാം ലാഭകരമായി തന്നെയാണ് പോകുന്നത്. തീറ്റയുടെ വില വർധനയും ഇന്ധന വിലവർധനയും ലാഭം കുറച്ചിട്ടുണ്ട്. സമ്മിശ്ര കൃഷിരീതിയായതുകൊണ്ട് ഒരിക്കലും നഷ്ടം ഉണ്ടാകുന്നില്ല. ഫാമിലൂടെ എട്ടു പേർക്ക് തൊഴിൽ കൊടുക്കുന്നു എന്നതും അഭിമാനകരമാണ്.പെണ്ണാർ തോടിനോട് ചേർന്നാണ് ഫാം സ്ഥിതി ചെയ്യുന്നത്.
ടൂറിസം സാധ്യതകൾ മുൻകൂട്ടി കണ്ടുള്ള വികസനമാണ് ഇനി ലക്ഷ്യംവയ്ക്കുന്നത്. മാന്നാനം പാലത്തിന്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ശിക്കാര വള്ളങ്ങൾ ഉൾപ്പെടെ ക്രമീകരിച്ച് ഫാമിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താനാണ് ഉദ്ദേശിക്കുന്നത്.വിനോദ സഞ്ചാരികൾക്കും വിദ്യാർഥികൾക്കും കർഷകർക്കും ഫാം സന്ദർശിക്കാൻ അവസരമുണ്ട്. സ്കൂൾ വിദ്യാർഥികളെ അധ്യാപകർക്കൊപ്പം ഫാം സന്ദർശിക്കാൻ കൊണ്ടുവരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് ബൈജു മാതിരമ്പുഴ പറഞ്ഞു.
- രാജു കുടിലിൽ
