ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഈ വർഷത്തെ ആദ്യത്തെ വേനൽക്കാല പൂർണ്ണചന്ദ്രനായ സ്ട്രോബെറി മൂൺ ഇന്ന് രാത്രി വാനിൽ തെളിയും. സാധാരണ പൗർണമികളേക്കാൾ ചക്രവാളത്തോട് ചേർന്ന് ദൃശ്യമാകുന്നതിനാൽ സ്വർണനിറത്തിലോ ആമ്പർ നിറത്തിലോ ആയിരിക്കും ഇന്ന് ചന്ദ്രൻ കാണപ്പെടുക.
പേര് സൂചിപ്പിക്കുന്നത് പോലെ ചന്ദ്രന് ചുവപ്പ് നിറമോ പിങ്ക് നിറമോ ഉണ്ടായിരിക്കില്ല. അമേരിക്കയിലെ കിഴക്കൻ പ്രദേശങ്ങളിലെ ഗോത്രവർഗക്കാരാണ് ഈ പേരിന് പിന്നിൽ. ജൂൺ മാസത്തിലാണ് അവിടെ സ്ട്രോബെറി പഴങ്ങൾ വിളവെടുപ്പിന് പാകമാകുന്നത്. ഈ സമയത്ത് ദൃശ്യമാകുന്ന പൂർണചന്ദ്രനെ അവർ ‘സ്ട്രോബെറി മൂൺ’ എന്ന് വിളിച്ചുപോന്നു. ചില സംസ്കാരങ്ങളിൽ ഇതിനെ ‘റോസ് മൂൺ’ എന്നും ‘ഹണി മൂൺ’ എന്നും വിളിക്കാറുണ്ട്.
ജൂൺ 21ലെ കോടീന സൂര്യൻ കഴിഞ്ഞുവരുന്ന ആദ്യത്തെ വെളുത്തവാവാണിത്. അതുകൊണ്ടുതന്നെ, 2026ൽ ആകാശത്ത് ഏറ്റവും താഴ്ന്ന പാതയിലൂടെ സഞ്ചരിക്കുന്ന പൂർണ്ണചന്ദ്രൻ കൂടിയായിരിക്കും ഇത്. രാത്രി മുഴുവൻ തെക്കൻ ചക്രവാളത്തോട് ചേർന്നായിരിക്കും ഇതിന്റെ സ്ഥാനം.
ഇന്ത്യൻ സമയപ്രകാരം ജൂൺ 30 ചൊവ്വാഴ്ച പുലർച്ചെ 5:27നാണ് ചന്ദ്രൻ അതിന്റെ പൂർണ പ്രകാശത്തിൽ എത്തുന്നത്. എന്നാൽ, ഇന്ത്യയിലുള്ളവർക്ക് ഇത് കാണാനുള്ള ഏറ്റവും നല്ല സമയം ജൂൺ 29 തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെയാണ്.
ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം വൈകുന്നേരം 7:00 മണിയോടെ ചന്ദ്രോദയം സംഭവിക്കും. സൂര്യാസ്തമയത്തിന് ശേഷം തെക്കുകിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ പ്രതിഭാസം കാണാം. ജൂൺ 28, 29, 30 തീയതികളിൽ ചന്ദ്രൻ പൂർണരൂപത്തിൽ തന്നെ ദൃശ്യമാകുമെന്നതിനാൽ, ഇന്ന് മേഘാവൃതമായ അന്തരീക്ഷമാണെങ്കിൽ പോലും അടുത്ത ദിവസങ്ങളിൽ ഇത് കാണാൻ അവസരമുണ്ട്.
നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ സ്ട്രോബെറി മൂൺ വ്യക്തമായി കാണാൻ സാധിക്കും. കെട്ടിടങ്ങളുടെ മുകൾഭാഗം, നദീതീരങ്ങൾ, കടൽത്തീരങ്ങൾ എന്നിവയാണ് കാണാൻ ഏറ്റവും അനുയോജ്യം. നഗരങ്ങളിലെ അമിതമായ വെളിച്ചത്തിൽ നിന്ന് മാറി ഇരുണ്ട അന്തരീക്ഷമുള്ള സ്ഥലങ്ങളാണെങ്കിൽ കൂടുതൽ വ്യക്തതയോടെ കാണാം. ഇന്ത്യയിൽ ലഡാക്ക്, സ്പിതി വാലി, റാൻ ഓഫ് കച്ച്, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിൽ മികച്ച രീതിയിൽ ഇത് ദൃശ്യമാകും.
