ആലപ്പുഴ: വിദേശത്ത് തൊഴില്‍ തട്ടിപ്പിനിരയായ നഴ്സിന് സഹായവുമായി കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയ്ക്കാണ് കെ.സി. വേണുഗോപാല്‍ രക്ഷകനായത്.കൊല്ലത്തുള്ള വരുണ്‍ എന്ന് വ്യക്തിയുടെ പേരിലുള്ള ട്രാവല്‍ വേള്‍ഡ് എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ റിക്രൂട്ടുമെന്റ് ഏജന്‍സി വഴിയാണ് ഒൻപത് ദിവസം മുന്‍പ് അക്ഷയ നഴ്സ് ജോലിക്കായി അജ്മാനിലെത്തിയത്. ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നല്‍കിയില്ലെന്നു മാത്രമല്ല, ഭീഷണിപ്പെടുത്തുകയും ശ്രീലങ്കന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തതായും അക്ഷയ കെ. സി. വേണുഗോപാലിനോട് പറഞ്ഞു.
യുഎഇയിലെ ഒഐസിസി പ്രവര്‍ത്തകരും അക്ഷയയുടെ കുടുംബവും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് മോചനത്തിന് ആവശ്യമായ ഇടപെടല്‍ കെ.സി. വേണുഗോപാല്‍ നടത്തിയത്. വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസിയുമായും കെ.സി. വേണുഗോപാല്‍ ബന്ധപ്പെടുകയും അക്ഷയയുടെ മോചനത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്തു.
അക്ഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തിയ കൊല്ലത്തെ സ്വകാര്യ ഏജന്‍സിയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആലപ്പുഴ എസ്പിയോടും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.ഏജന്‍സി ആവശ്യപ്പെട്ടതു പ്രകാരം 70000 രൂപ നല്‍കിയാണ് അക്ഷയ വിദേശത്തെത്തിയത്. വാഗ്ദാനം നല്കിയ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പാസ്പോര്‍ട്ട് തിരികെ ചോദിച്ചെങ്കിലും അത് നല്‍കിയില്ലെന്ന് മാത്രമല്ല പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് അക്ഷയ കെ.സി. വേണുഗോപാലിനോട് വ്യക്തമാക്കി.
ഏജന്‍സി വാഗ്ദാനം നല്കിയ തൊഴില്‍ ലഭിച്ചില്ലെന്ന് മാത്രമല്ല ദിവസ വാടകയ്ക്ക് ഹോം നഴ്സായി അറബികളുടെ വീടുകളിലേക്ക് അയയ്ക്കാനുള്ള പദ്ധതിയായിരുന്നു റിക്രൂട്ട്മെന്റ് ഏജന്സിക്കുണ്ടായിരുന്നതെന്ന് അക്ഷയ എംപിയോട് പരാതിപ്പെട്ടു.ഒഐസിസി പ്രവര്‍ത്തകര്‍ അക്ഷയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്തെത്തി ശ്രീലങ്കന്‍ സംഘത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. പാസ്പോര്‍ട്ട് തിരികെ നല്കാന് തട്ടിപ്പുസംഘം വിസമ്മതിച്ചതിനെത്തുടര്‍ന്ന് കെ.സി. വേണുഗോപാലിന്റെ ആവശ്യപ്രകാരം എംബസി അധികൃതര്‍ ഇടപെട്ട് പാസ്പോര്‍ട്ട് തിരികെ വാങ്ങിനല്‍കി.
ഗള്‍ഫില്‍തന്നെ നഴ്സിംഗ് ജോലിയില്‍ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് കെ.സി. വേണുഗോപാല്‍ എംപിയെ അക്ഷയ അറിയിച്ചു. എന്തു സഹായത്തിനും തന്നെ ബന്ധപ്പെടാമെന്ന ഉറപ്പ് കെ.സി. വേണുഗോപാല്‍ അക്ഷയ്ക്ക് നല്കി.
