ഇക്കഴിഞ്ഞ ദിവസം സാമന്തയും ഭർത്താവ് രാജ് നിദിമോരുവും ഒന്നിച്ചു പങ്കെടുത്ത ഒരു ആഘോഷ പരിപാടിയുടെ വീഡിയോ വൈറലായിരുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ സാമന്ത ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.ഇതോടെ, അമ്മയാകുന്നതിനെക്കുറിച്ചും തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സാമന്ത മുന്പൊരിക്കൽ തുറന്നുപറഞ്ഞ കാര്യം വാർത്തകളിൽ നിറയുകയാണ്.
തന്റെ ആദ്യ വിവാഹത്തിന് ശേഷം 2018-ൽ നൽകിയ അഭിമുഖത്തിൽ കുടുംബം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചാണ് സാമന്ത സംസാരിച്ചത്. താനും അന്നത്തെ പങ്കാളിയായ നാഗചൈതന്യയും ഒരു കുഞ്ഞിനെക്കുറിച്ച് കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ടെന്നാണ് താരം അന്ന് തമാശയായി പറഞ്ഞത്. കുഞ്ഞ് ജനിച്ചാൽ സിനിമയിൽ നിന്നും ഇടവേള എടുക്കുമോ എന്ന ചോദ്യത്തിന് വളരെ വൈകാരികമായാണ് സാമന്ത മറുപടി നൽകിയത്:
“എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ, ആ കുഞ്ഞായിരിക്കും എന്റെ പ്രപഞ്ചം. ജോലിക്ക് പോകുന്ന അമ്മമാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ എന്റെ കുട്ടിക്കാലം അത്ര മനോഹരമായ ഒന്നായിരുന്നില്ല. കുട്ടിക്കാലത്ത് നല്ല അനുഭവങ്ങൾ ഉണ്ടാകാത്ത ഏതൊരു മുതിർന്ന വ്യക്തിയും ആദ്യം ആഗ്രഹിക്കുക തങ്ങൾക്ക് ലഭിക്കാത്തതെല്ലാം തങ്ങളുടെ മക്കൾക്ക് നൽകണമെന്നാണ്. ആ ചിന്ത എന്നെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട്, എനിക്ക് ഒരു കുഞ്ഞുണ്ടായാൽ ആദ്യത്തെ കുറച്ചു വർഷങ്ങൾ ഞാൻ മറ്റെങ്ങും ഉണ്ടാകില്ല. ആ കുഞ്ഞ് മാത്രമായിരിക്കും എനിക്ക് എല്ലാം.’ എന്നാണ് സാമന്ത പറഞ്ഞത്.
2021-ൽ സാമന്ത പ്രധാന വേഷത്തിലെത്തിയ ശാകുന്തളം എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ചിത്രത്തിന്റെ നിർമ്മാതാവ് നീലിമ ഗുണയും സാമന്തയുടെ ഈ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ആ വർഷം അവസാനം ഒരു കുഞ്ഞിനായി പ്ലാൻ ചെയ്യുന്നതിനാൽ സിനിമയുടെ ഷൂട്ടിംഗ് ഓഗസ്റ്റിനുള്ളിൽ തീർത്തുതരണമെന്ന് സാമന്ത ആവശ്യപ്പെട്ടിരുന്നതായി നീലിമ അന്ന് പറഞ്ഞു. കഥ കേട്ടപ്പോൾ സാമന്തയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.
എന്നാൽ ഈ വർഷം ജൂലൈ-ഓഗസ്റ്റ് മാസത്തോടെ ഷൂട്ടിംഗ് തീർക്കണമെന്ന് അവൾ ആവശ്യപ്പെട്ടു. ഒരു കുടുംബം തുടങ്ങാൻ പ്ലാൻ ചെയ്യുകയാണെന്നും അമ്മയാകുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും അവൾ ഞങ്ങളോട് പറഞ്ഞു. ഇത് തന്റെ അവസാനത്തെ സിനിമയായിരിക്കുമെന്നും അതിനുശേഷം ഒരു നീണ്ട ഇടവേള എടുക്കുമെന്നുമാണ് സാമന്ത പറഞ്ഞെന്നുമായിരുന്നു നീലിമ ഗുണയുടെ വെളിപ്പെടുത്തൽ.
എന്നാൽ 2021 ഒക്ടോബറിൽ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരായി. തുടർന്ന് നാഗചൈതന്യ നടി ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു. സാമന്ത കഴിഞ്ഞ വർഷം ഡിസംബറിൽ രാജ് നിദിമോരുവിനൊപ്പം പുതിയൊരു ജീവിതവും ആരംഭിച്ചു. ഇപ്പോൾ വീണ്ടും സാമന്തയുടെ ഗർഭധാരണ വാർത്തകൾ വരുമ്പോൾ, താരം പണ്ടു പറഞ്ഞതു പോലെ സിനിമയിൽ നിന്ന് ഒരു വലിയ ഇടവേള എടുക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
