നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഓസ്ട്രേലിയൻ സ്വദേശിയായ യുവതി. ഒറ്റപ്രസവത്തിൽ നാല് കുഞ്ഞുങ്ങൾ ജനിച്ചതോടെ ഈ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പെട്ടെന്നാണ് ഉയർന്നത്. അമ്മയും കുഞ്ഞുങ്ങളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു എങ്കിലും, വളരെയധികം സന്തോഷത്തോടൊപ്പം വലിയൊരു പ്രായോഗിക ബുദ്ധിമുട്ടും ഈ ദമ്പതികളെ അലട്ടുന്നുണ്ട്.
നേരത്തെ തന്നെ മൂന്ന് മക്കളുള്ള ഈ ദമ്പതികൾക്ക് പുതിയ നാല് കുഞ്ഞുങ്ങൾ കൂടി വന്നതോടെ മൊത്തം മക്കളുടെ എണ്ണം ഏഴായി. അതോടെ കുടുംബത്തിൽ ആകെ 8 അംഗങ്ങളായി. അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവത്തിൽ, ഇവരെ അലട്ടുന്നത് മറ്റൊന്നാണ്, എന്നാൽ ഇവിടെ കഥയിലെ പ്രധാന വില്ലൻ ഈ കുടുംബത്തിലെ അംഗ സംഖ്യ കൂടുതലായതിനാൽ ഇവർക്ക് യാത്ര ചെയ്യാൻ ഒരു വാഹനം ഇല്ലാത്തതാണ്.
എല്ലാവരും ഒന്നിച്ച് യാത്ര ചെയ്യാൻ വലിയൊരു വാഹനം വേണമെന്നതാണ് കുടുംബം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലുള്ള കാറിൽ 8 പേർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയില്ല. ആശുപത്രി ആവശ്യങ്ങൾക്കും മക്കളുടെ സ്കൂൾ യാത്രകൾക്കുമായി 10 സീറ്റുകളുള്ള ഒരു വാൻ വാങ്ങേണ്ടത് അത്യാവശ്യമായി മാറി. വലിയ തുക വിലവരുന്ന വാഹനം വാങ്ങുന്നതിനായി ഈ അമ്മ ഓൺലൈൻ വഴി ഫണ്ട് സ്വരൂപിക്കൽ ആരംഭിച്ചിട്ടുണ്ട്.
നാല് കുഞ്ഞുങ്ങളുടെ വരവ് വലിയൊരു അനുഗ്രഹമാണെങ്കിലും, ഇതിനായുള്ള സാമ്പത്തിക മുന്നൊരുക്കങ്ങൾ തങ്ങളെ സംബന്ധിച്ച് വലിയ ഭാരമാണെന്ന് ദമ്പതികൾ പറയുന്നു. ഡയപ്പറുകൾ, പാൽപൊടി, വസ്ത്രങ്ങൾ എന്നിവയ്ക്കുള്ള ചെലവുകൾക്ക് പുറമെ, ഒരു വലിയ വാഹനം തങ്ങൾക്ക് അടിയന്തിര ആവശ്യമായി മാറിയിരിക്കുകയാണ്. ബന്ധുക്കളും നാട്ടുകാരും ഈ കുടുംബത്തിന് ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്.
