പാരീസ്: പതിനഞ്ചുവയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനമേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനൊരുങ്ങുകയാണ് ഫ്രഞ്ച് പാർലമെന്റ്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറും. പാർലമെന്റിന്റെ ഇരുസഭകളും തമ്മിൽ ബില്ലിന്റെ കരടുരേഖയിൽ ഒരേ അഭിപ്രായത്തിലെത്തിയതോടെയാണ് ചരിത്രപരമായ നിയമനിർമാണത്തിനു വഴിയൊരുങ്ങുന്നത്.
കുട്ടികളെ സൈബർ ലോകത്തെ അപകടങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള നിയമനിർമാണം നടത്തുന്ന ആദ്യത്തെ യൂറോപ്യൻ രാജ്യമായി ഫ്രാൻസ് മാറുകയാണെന്ന് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി ആനി ലെ ഹെനാൻഫ് വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട നയരൂപീകരണങ്ങളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനവും പൂർണമായി നിലവിൽ വരുമെന്നും ഹെനാൻഫ് കൂട്ടിച്ചേർത്തു.
രണ്ടു ഘട്ടങ്ങളായി നിയമം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ, സെപ്റ്റംബർ ഒന്നു മുതൽ 15 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് പൂർണമായും നിർത്തലാക്കും. നിലവിലെ അക്കൗണ്ടുകൾ നിരോധിക്കാനുള്ള നടപടികൾ, അടുത്തവർഷം ജനുവരി ഒന്നുമുതൽ ഘട്ടംഘട്ടമായി നടപ്പാക്കും. എന്നാൽ ഓൺലൈൻ എൻസൈക്ലോപീഡിയകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ടിക് ടോക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന ഫ്രഞ്ച് പബ്ലിക് ഹെൽത്ത് വകുപ്പിന്റെ ഗൗരവമേറിയ റിപ്പോർട്ടാണ് ശക്തമായ നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്. കുട്ടികളുടെ പ്രായം കൃത്യമായി പരിശോധിക്കുന്നതിനായി യൂറോപ്യൻ കമ്മീഷൻ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ്.
നിലവിൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ പതിനാറു വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു നിയമപരമായി വിലക്കിയിട്ടുണ്ട്.
