ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി ഓർഡർ ചെയ്ത പാവ് ഭാജിക്കൊപ്പം വലിച്ചുതീർത്ത ബീഡി ലഭിച്ചെന്ന ബെംഗളൂരു സ്വദേശിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രിയം തഹബിൽദാർ എന്ന യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഓർഡർ ചെയ്ത ഭക്ഷണത്തിനൊപ്പം നൽകിയ അരിഞ്ഞ സവാളയ്ക്ക് മുകളിലായാണ് വലിച്ചുതീർത്ത നിലയിലുള്ള ബീഡിയും വെച്ചിരുന്നത്.
തനിക്ക് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് യുവാവ് എക്സിലൂടെ തന്റെ അനുഭവം ലോകത്തെ അറിയിച്ചത്. “സൊമാറ്റോയിൽ നിന്ന് പാവ് ഭാജി ഓർഡർ ചെയ്തു, ഒരു ബീഡി സൗജന്യമായി ലഭിച്ചു. എന്നാൽ അത് മുഴുവനായും വലിച്ചുതീർത്തതായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ ഇങ്ങനെയൊരു ഫ്രീ ഓഫർ ഞാൻ ആഗ്രഹിച്ചിരുന്നില്ല” എന്ന കുറിപ്പോടെയാണ് യുവാവ് ചിത്രം പങ്കുവെച്ചത്.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൊമാറ്റോ കസ്റ്റമർ സപ്പോർട്ട് ടീം യുവാവിനെ ബന്ധപ്പെടുകയും, ബുദ്ധിമുട്ട് നേരിട്ടതിന് പകരമായി അടുത്ത ഓർഡറിനായി 100 രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ നൽകുകയും ചെയ്തു.
സംഭവം വൈറലായതോടെ രസകരവും ഗൗരവമേറിയതുമായ പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ലഭിക്കുന്നത്. ഭക്ഷണത്തിൽ ‘എക്സ്ട്രാ സ്മോക്ക് ഫ്ലേവർ’ ചേർത്തതാണെന്ന് ചിലർ തമാശരൂപേണ പറഞ്ഞപ്പോൾ, ഭക്ഷണം പാക്ക് ചെയ്യുന്നത് ഹോട്ടലുകളാണെന്നും അതിനാൽ ഹോട്ടലിന്റെ പേരാണ് പുറത്തുവിടേണ്ടതെന്നും മറ്റുചിലർ ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങേണ്ട സമയമായെന്ന് ഓർമ്മിപ്പിക്കുന്നവരും കുറവല്ല.
