ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച മുതലയുടെ ചിത്രം പ്രചരിപ്പിച്ച് സംഭരണിയുടെ പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ മ്യാൻമർ സ്വദേശിയായ യുവാവിനെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 20ന് പാണ്ഡൻ റിസർവോയറിൽ മുതലയുണ്ടെന്ന രീതിയിൽ നിർമിത ബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ ചിത്രം സഹപ്രവർത്തകന് അയച്ചുകൊടുത്തതിനാണ് 30കാരനായ യേ ലിൻ പിടിയിലായത്.
ഈ ചിത്രം കാണിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സിംഗപ്പൂർ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡും നാഷണൽ പാർക്ക്സ് ബോർഡും ചേർന്ന് റിസർവോയറിലും പരിസരത്തും തെരച്ചിലും സുരക്ഷാ പരിശോധനകളും നടത്തി. ഇതേത്തുടർന്ന് സിംഗപ്പൂർ റോയിംഗ് അസോസിയേഷൻ, സിംഗപ്പൂർ കനോയി അസോസിയേഷൻ എന്നിവയുടെ വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെപ്പിച്ചു.
എന്നാൽ അടുത്ത ദിവസം നടത്തിയ പരിശോധനയിൽ ചിത്രം ജെമിനി ആപ്പ് വഴി നിർമിച്ച വ്യാജ ചിത്രമാണെന്ന് അധികൃതർ കണ്ടെത്തുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനും, ഫോണിലെ ചിത്രങ്ങളും തെളിവുകളും ഡിലീറ്റ് ചെയ്ത് നീതിപീഠത്തെ തടസപ്പെടുത്തിയതിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്.
കുറ്റം തെളിയിക്കപ്പെട്ടാൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് മൂന്ന് വർഷം വരെ തടവും 10,000 സിംഗപ്പൂർ ഡോളർ (ഏകദേശം 9.6 ലക്ഷം രൂപ) പിഴയും, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം വരെ തടവും ലഭിക്കാം. നവംബർ 10ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
