വൈപ്പിൻ: മുല്ലപ്പെരിയാറിൽ ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കായി പുതിയ തുരങ്കം നിർമിക്കുന്നതുവരെ രണ്ടു വർഷമായി മാലിപ്പുറത്ത് തുടരുന്ന അനിശ്ചിതകാല റിലേസമരം തുടരാൻ സമരസമിതിയുടെ ആഹ്വാനം. സമരം രണ്ടു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഇന്നലെ സമരപ്പന്തലിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് ശാശ്വത പരിഹാരമായി പുതിയ തുരങ്കം നിർമിക്കാൻ 2014ലാണ് സുപ്രീംകോടതി നിർദേശിച്ചത്. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തുരങ്കത്തിനു താഴെയായി മറ്റൊരു തുരങ്കം നിർമിച്ച് ജലനിരപ്പു താഴ്ത്തി കേരളത്തിനു സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പാക്കാനാണ് കോടതി ഇങ്ങനെയൊരു പരിഹാരം നിർദേശിച്ചത്.
എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും സർക്കാരുകൾ സുപ്രീംകോടതി നിർദേശം നടപ്പാക്കാൻ തയാറാകാതെ വന്നതോടെയാണ് മാലിപ്പുറത്ത് മുല്ലപ്പെരിയാർ ടണൽ സമരം ആരംഭിച്ചത്. രണ്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലിന് പൊതുസമ്മേളനം കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ മുഹമ്മദ് ഹാത്ത ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് രമേഷ് രവി അധ്യക്ഷത വഹിച്ചു. പ്രശസ്ത തമിഴ് എഴുത്തുകാരൻ ചാരുനിവേദിത പ്രഭാഷണം നടത്തി.
