തിരുവനന്തപുരം: കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചോ എന്ന് ബിജെപി വ്യക്തമാക്കണമെന്ന് കെ.എസ്.ശബരീനാഥൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷൻ ഭരണം ആറുമാസമായി തകർന്ന നിലയിലാണെന്നും മേയർ വി.വി. രാജേഷ് പരാജയമാണെന്നും കെ.എസ്.ശബരീനാഥൻ ആരോപിച്ചു.
കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്നും ആഭ്യന്തര തർക്കങ്ങളാണ് ഇതിന് കാരണമെന്നും ശബരീനാഥൻ പറഞ്ഞു. മേയർ കെയർ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ശ്രീലേഖയുടെ നിലപാടാണ് ഇനി വ്യക്തമാകേണ്ടതെന്നും കൗൺസിലർ സ്ഥാനത്ത് അവർക്ക് അസൗകര്യമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്നും ശബരീനാഥൻ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനെതിരെയും ശബരീനാഥൻ പരിഹാസമുന്നയിച്ചു. നഗരസഭാ കൗൺസിലർ സ്ഥാനം രാജിവച്ചതായി ആർ. ശ്രീലേഖ വാർഡ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയിട്ടില്ല. സ്ഥാനത്ത് തുടരുന്നതിൽ അസൗകര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 30ന് മേയർ വി.വി. രാജേഷിന് കത്ത് നൽകിയിരുന്നു.
ചട്ടപ്രകാരം കൗൺസിലർ രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. ശ്രീലേഖയുടെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ ഔദ്യോഗിക നടപടിക്രമം പൂർത്തിയായിട്ടില്ല.2024ൽ ബിജെപിയിൽ ചേർന്ന ആർ. ശ്രീലേഖ പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ശാസ്തമംഗലം വാർഡ് കൗൺസിലർ സ്ഥാനം ശ്രീലേഖ ഒഴിയുകയാണെങ്കിൽ തിരുവനന്തപുരം കോർപറേഷൻ ഭരണത്തിലെ ബിജെപിയുടെ അംഗബലത്തെ അത് ബാധിക്കും. ഇതിനിടെ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കാനാണ് ശ്രമം.
