സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അപകടകരമായ ഒരു സ്റ്റണ്ടിനിടയിൽ യുവാവ് ജീവനുവേണ്ടി മല്ലിടുന്ന ദൃശ്യങ്ങളാണുള്ളത്. ജനക്കൂട്ടത്തിന്റെ ആഹ്ലാദവും കയ്യടിയും ലക്ഷ്യമിട്ട് നടത്തിയ ഈ സാഹസിക പ്രകടനം ഏതാണ്ട് വലിയൊരു ദുരന്തത്തിൽ കലാശിക്കേണ്ടതായിരുന്നു.
@ripper_dhruvaa എന്ന എക്സ് യൂസർ പങ്കുവെച്ച 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു വ്യക്തിയുടെ കഴുത്തിലും ശരീരത്തിലും കയറുകൾ വരിഞ്ഞുകെട്ടിയിരിക്കുന്നതായി കാണാം. ഏകദേശം ആറ് മോടോർസൈക്കിളുകളിലേക്കാണ് ഈ കയറുകൾ ബന്ധിപ്പിച്ചിരുന്നത്. ബൈക്ക് യാത്രികർ വ്യത്യസ്ത ദിശകളിൽ വലിച്ച് തുടങ്ങുന്നതോടെയാണ് സ്റ്റണ്ട് ആരംഭിക്കുന്നത്, എന്നാൽ നിമിഷങ്ങൾക്കകം സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറുകയായിരുന്നു.
ബൈക്കുകൾ ആക്സിലറേറ്റ് ചെയ്തതോടെ, യുവാവ് മുന്നിലേക്ക് ശക്തിയായി വലിക്കപ്പെടുകയും നിലനിൽപ്പ് നഷ്ടപ്പെടുകയും ചെയ്തു. കയറുകൾ മുറുകിയതിനെ തുടർന്ന് കടുത്ത ശ്വാസതടസം നേരിട്ട അദ്ദേഹത്തിന്റെ മുഖം വീർത്തു വരുന്നതും വീഡിയോയിൽ വ്യക്തമാണ്. നിമിഷങ്ങൾക്കകം അദ്ദേഹം നിലത്തുവീഴുകയും പൊടിപടലങ്ങൾക്കിടയിലൂടെ അൽപദൂരം വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തു.
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഉടൻ തന്നെ ചുറ്റിലുമുണ്ടായിരുന്ന ആളുകൾ ഓടിയെത്തി യുവാവിനെ കയറിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ചില ബൈക്ക് യാത്രികർ വണ്ടികൾ മുന്നോട്ട് തന്നെ എടുക്കാൻ ശ്രമിച്ചെങ്കിലും, ആൾക്കൂട്ടം ഇടപെട്ട് ബൈക്കുകൾ നിർത്താൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.
ഈ ദൃശ്യങ്ങൾ ഓൺലൈനിൽ വലിയ ചർച്ചകൾക്കും കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത്രയും അപകടകരമായ ഒരു സ്റ്റണ്ട് ചെയ്യാൻ എങ്ങനെ തോന്നിയെന്നും സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തതിനെയും നിരവധി പേർ ചോദ്യം ചെയ്തു.
ആളുകൾ രക്ഷിക്കാനായി ഓടിയെത്തിയിട്ടും ബൈക്കുകൾ നിർത്താൻ വൈകിയതിനെതിരെയും കാഴ്ചക്കാരുടെ ഭാഗത്തുനിന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ ചിത്രീകരിച്ചതാണെന്ന് തോന്നിക്കുന്ന ഈ സംഭവത്തിന്റെ കൃത്യമായ സ്ഥലം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
