തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. പുതിയ താരിഫ് നയം റെഗുലേറ്ററി കമ്മീഷൻ വിജ്ഞാപ്നം ചെയ്തു. 2027 ഏപ്രിൽ മുതൽ സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്ക് നിലവിൽ വരും. അടുത്ത വർഷം മുതൽ പുതിയ സർചാർജുകളും ഏർപ്പെടുത്തും. കെഎസ്ഇബിയുടെ മുൻകാല നഷ്ടം 5,000 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും. കൂടാതെ വൈദ്യുതി ഉപയോഗിക്കുന്ന പീക്ക് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വൈകുന്നേരം ആറു മുതൽ രാത്രി 11.30 വരെയാണ് പുതിയ പീക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ ഇത് വൈകുന്നേരം ആറു മുതൽ രാത്രി 10 വരെയായിരുന്നു. ഈ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് നിരക്കിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം. രാത്രി 11.30 മുതല്‍ രാവിലെ എട്ടുവരെ ഓഫ് പീക്ക് ടൈം ആയിരിക്കും. പുതിയ പീക്ക് സമയ ക്രമത്തിനനുസരിച്ച് നിലവില്‍ സംസ്ഥാനത്ത് വെച്ചിട്ടുള്ള സ്മാര്‍ട്ട് മീറ്ററുകള്‍, ടിഒഡി മീറ്ററുകള്‍, എബിഡി മീറ്ററുകള്‍ എന്നിവയ്ക്കും നിരക്ക് ബാധകമാകും.
പകല്‍ സമയങ്ങളില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കുറക്കാനുമുള്ള നിര്‍ദ്ദേശം വിതരണ കമ്പനിക്ക് നല്‍കാമെന്നും റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് ഈടാക്കാന്‍ നീക്കം നടക്കുന്നത്. സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് 5000 കോടിയുടെ നഷ്ടം നികത്താനാണ് പദ്ധതിയിടുന്നത്.
